സുൽത്താൻപൂർ: വോട്ട് തന്നാലേ പ്രതിഫലമുണ്ടാകൂ എന്ന് ഉത്തർപ്രദേശിൽ പ്രസംഗിച്ച കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ മനേക ഗാന്ധിയുടെ പ്രസംഗം വിവാദത്തിൽ. എന്തായാലും താൻ മണ്ഡലത്തിൽ വിജയിക്കുകയാണെന്നും, എന്നാൽ മുസ്ലിങ്ങളുടെ വോട്ടില്ലാതെ വിജയിച്ചാൽ തനിക്ക് അത്ര സന്തോഷമുണ്ടാകില്ലെന്നും മനേക ഗാന്ധി പറയുന്നു.
തെരഞ്ഞെടുപ്പിന് ശേഷം എന്തെങ്കിലും ആവശ്യം പറഞ്ഞ് വന്നാൽ, അത് പരിഗണിക്കുന്ന കാര്യം താൻ ആലോചിച്ചേ ചെയ്യൂ എന്നും ഭീഷണി സ്വരത്തിൽ മനേക ഗാന്ധി പ്രസംഗിക്കുന്നു. മുസ്ലിം ഭൂരിപക്ഷപ്രദേശമായ സുൽത്താൻ പൂരിലെ തൂരബ് ഖനി ഗ്രാമത്തിലായിരുന്നു മനേകയുടെ പ്രസംഗം.
SHOCKING AND DEEPLY DISTRESSING
Union Minister Maneka Gandhi telling a gathering of Muslims in UP's Sultanpur, from where she is contesting the election, to vote for her or else she will not be inclined to be responsive to their requests. pic.twitter.com/TUvxzQR3xo
— Faye DSouza (@fayedsouza) April 12, 2019
മനേകയുടെ പ്രസംഗത്തിന്റെ മൊബൈൽ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രസംഗത്തിൽ മനേക പറയുന്നതിങ്ങനെ: ‘എന്തായാലും ഞാൻ ജയിക്കുകയാണ് ഇവിടെ. ആളുകളുടെ സ്നേഹത്തോടെ ഞാൻ ജയിക്കുകയാണ്. എന്റെ ജയം മുസ്ലീങ്ങളില്ലാതെയാണെങ്കിൽ എനിക്ക് അത് അത്ര സന്തോഷമുള്ള കാര്യമല്ല. മനസ്സിന് വലിയ ബുദ്ധിമുട്ടാകും. എങ്കിലും ഞാനിത്ര മാത്രം പറയുന്നു. ഇനി മുസ്ലീങ്ങൾ ഞാൻ ജയിച്ച ശേഷം എന്തെങ്കിലും ആവശ്യത്തിന് വന്നാൽ ഞാനാലോചിക്കും. എന്തിന് സഹായിക്കണം, എന്താണിപ്പോൾ അതുകൊണ്ടൊരു നേട്ടം? ഈ തെരഞ്ഞെടുപ്പ് ഞാൻ താണ്ടിക്കഴിഞ്ഞു. ഇതിന് ശേഷം നിങ്ങൾ ജോലികൾക്കായി, മറ്റാവശ്യങ്ങൾക്കായി എന്റെ അടുത്ത് വന്നാൽ ഇതാകും എന്റെ നിലപാട്.’ – മനേക പറയുന്നു.