ചെങ്ങന്നൂര്‍: വാരാപ്പുഴയില്‍ ശ്രീജിത്തിനെ പൊലീസ് ചവിട്ടിക്കൊന്നത് ഉന്നത സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. എറണാകുളം ജില്ലാ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് നിരപരാധിയായ ശ്രീജിത്തിനെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയത്. കൊലപാതകത്തിന് ശേഷവും പൊലീസ് ശ്രീജിത്തിനെതിരെ ഗൂഡാലോചന നടത്തുകയാണ്. ഇതിന്റെ തെളിവാണ് ശ്രീജിത്തിനെതിരെ പൊലീസ് വ്യാജരേഖ ചമച്ചതും സാക്ഷികളെ ഭീഷണിപ്പെടുത്തിയതും.ഇത് പിണറായി ഭരണത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത നിലപാടാണ്.
സിപിഎം നേതൃത്വത്തിലെയും പോലീസിലേയും ക്രിമിനലുകള്‍ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് പൊലീസ് ഈ നിലപാട് സ്വീകരിക്കുന്നത്. ജില്ലാ സെക്രട്ടറി പി.രാജീവ് അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചതും ഉന്നത സമ്മര്‍ദമുണ്ടെന്ന അഭിഭാഷകനോടുള്ള പോലീസ് വെളിപ്പെടുത്തലും ഇതിനോട് ചേര്‍ത്ത് വായിക്കണം. സാധാരണഗതിയില്‍ രാത്രിയില്‍ ഒരാളെ പൊലീസ് റെയ്ഡ് ചെയ്ത് പിടിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് ദുരൂഹമാണ്. ഇത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമാണ്. ഇതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം.
ശ്രീജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കുക, കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി പ്രക്ഷോഭം തുടങ്ങും. ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന് തിങ്കളാഴ്ച എറണാകുളം റേഞ്ച് ഐ ജി ഓഫീസിനു മുന്നില്‍ 24 മണിക്കൂര്‍ ഉപവസിക്കും. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് സമരപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
ഹാരിസണ്‍ മലയാളത്തിന് വേണ്ടി സര്‍ക്കാര്‍ കോടതിയില്‍ മനപ്പൂര്‍വം തോറ്റു കൊടുക്കുകയായിരുന്നു.ഇതിനു വേണ്ടി റവന്യൂ മന്ത്രിയടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയിട്ടുണ്ട്.ഇതിനു പിന്നില്‍ നടന്ന കോടികളുടെ ഇടപാടിനെപ്പറ്റി ഉന്നതല അന്വേഷണം നടത്തണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.ആലപ്പുഴ ജില്ലാ അദ്ധ്യക്ഷന്‍ കെ.സോമന് ,ബിജെപി മീഡിയ കോര്‍ഡിനേറ്റര്‍ ആര്.സന്ദീപ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.