ആലപ്പുഴ: സിപിഎമ്മില്‍ വിഭാഗീയ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന്റെ പേരില്‍ പാര്‍ട്ടി വിട്ടു പോയവരെ തിരിച്ചു കൊണ്ടുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പറഞ്ഞു. മാറി നില്‍ക്കുന്നവരെ ഒപ്പം നിര്‍ത്തും. പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടെന്നസമ്മതിച്ച് കുട്ടനാട്ടില്‍ സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്. കഴിഞ്ഞ കാലത്തെ വിഭാഗീയതയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് തഴയപ്പെട്ട കഴിവുറ്റവരെ തിരിച്ച് കൊണ്ടുവരും. അതില്‍ ചിലര്‍ക്ക് പ്രയാസമുണ്ടെങ്കില്‍ പാര്‍ട്ടി ഗൗനിക്കില്ല.
വ്യക്തി ഒരു പ്രശ്നമേയല്ല. ജനങ്ങളാണ് അവസാന വാക്ക്, എം വി ഗോവിന്ദന് പറഞ്ഞത്
ജനങ്ങളെ മറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. നന്നായി പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടി നിലനില്ക്കും. ഇല്ലെങ്കില്‍ ഉപ്പുനിലം പോലെയാകും. കുട്ടനാട്ടിലെ പാര്‍ട്ടി മരവിച്ചു കിടക്കുകയാണ്. കുട്ടനാടിന് ചെറിയ പിശകുണ്ട്. ആ പ്രശ്നം എനിക്കറിയാം. അതൊക്കെ മാറ്റും. തെറ്റായ ഒരു പ്രവണതയും വച്ച് പൊറുപ്പിക്കുന്ന പാര്‍ട്ടിയല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ശരിയല്ലാത്ത നിലപാട് ആര് സ്വീകരിച്ചാലും വിട്ടുവീഴ്ചയില്ല. ജനാധിപത്യ കേന്ദ്രീകരണ തത്വമാണ് പാര്‍ട്ടി നയം. നയത്തെ വെല്ലുവിളിച്ചാല്‍ നടക്കാന്‍ പോകുന്നില്ല. പാര്‍ട്ടിയുടെ ആള്‍രൂപം പാര്‍ട്ടി മെമ്പര്‍മാരാണ്.
ശരിയായ പ്രവര്‍ത്തനം നടന്നാല്‍ തഴച്ച് വളരും. ശരിയല്ലാത്ത പണി കൊണ്ട് പാര്‍ട്ടി കെട്ടിപ്പടുത്താല് ഉപ്പ് വച്ച നിലം പോലെ ഗ്രാഫ് താഴും. തിരുത്തിയേ പറ്റു, തിരുത്തി മുന്നോട്ടു പോകാനാണ് തീരുമാനം അതില്‍ വ്യക്തി ഒരു പ്രശ്നമേയല്ല. ജനങ്ങളാണ് അവസാന വാക്ക്, അതിനു മുകളില്‍ ഒരാളും പറക്കേണ്ട. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും, ജനങ്ങളെ നയിക്കുകയും ചെയ്യുക എന്നതാണ് ചുമതലയെന്നും അദ്ദേഹം പറഞ്ഞു.