ന്യൂഡല്‍ഹി: പ്ലീനറി സമ്മേളനത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഛത്തീസ്ഗഢിലെ റായ്പൂരില്‍ സംഘടനാപരിഷ്കരണം ലക്ഷ്യംവെച്ചുള്ള പ്ലീനറിയിലെ ആറ് ഉപസമിതികളിലും മലയാളി സാന്നിധ്യമുണ്ട്. നയരൂപവത്കരണ സമിതിയില്‍ കേരളത്തില്‍ നിന്നുള്ള രമേശ് ചെന്നിത്തലയും ശശി തരൂരുമുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് നയരൂപവത്കരണ സമിതി അധ്യക്ഷന്‍. വിദേശകാര്യസമിതി കണ്‍വീനറായി ശശി തരൂരിനേയും ചെയര്‍മാനായി സല്മാന് ഖുര്ഷീദിനേയും നിയോഗിച്ചു.
രാഷ്ട്രീയകാര്യ സമിതിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്, സാമ്പത്തിക കാര്യസമിതിയില്‍ കെ മുരളീധരന് സാമൂഹിക നീതി സമിതിയില്‍ കൊടിക്കുന്നിലും ആന്റോ ആന്റണിയും കൃഷി സമിതിയില്‍ ടി എന്‍ പ്രതാപനുമുണ്ട്. യുവജന വിഭാഗത്തില്‍ ഹൈബി ഈഡനേയും നിശ്ചയിച്ചു.
ഇതിന് പുറമേ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയും എകെ ആന്റണിയും ഉമ്മന്‍ചാണ്ടിയും കെ സി വേണുഗോപാലും അടങ്ങിയ 50 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയേയും പിസിസി അധ്യക്ഷന്മാര്, പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍, പോക്ഷകഭാരവാഹികള് എന്നിവരടങ്ങിയ 122 അംഗ വിഷയ സമിതിയേയും പ്ലീനറിക്കായി നിയോഗിച്ചിട്ടുണ്ട്.
1997ല്‍ സീതാറാം കേസരി പാര്‍ട്ടി പ്രസിഡന്റായിരിക്കെ കൊല്‍ക്കത്തയില്‍ ചേര്‍ന്ന പ്ലീനറിയിലാണ് ഏറ്റവും ഒടുവില്‍ പ്രവര്‍ത്തക സമിതി അംഗങ്ങളെ തെരഞ്ഞെടുപ്പിലൂടെ നിശ്ചയിച്ചത്. പിന്നീട് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുകയായിരുന്നു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ പിന്നീട് സമ്മേളനങ്ങളില്‍ മുഴുവന്‍ അംഗങ്ങളെയും നാമനിര്‍ദേശം ചെയ്യുകയായിരുന്നു. 1997 ലെ കൊല്‍ക്കത്ത പ്ലീനറിയില്‍ നടന്ന പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പില്‍ ജയിച്ച 10 പേരില്‍ ഇന്ന് കോണ്‍ഗ്രസിലുള്ളത് താരിഖ് അന്‍വര്‍ മാത്രമാണ്.