മലപ്പുറം: പോലീസിലെ ഉന്നതതലത്തില്‍ വന്‍ അഴിച്ചുപണി നടത്തിയുള്ള കൂട്ട സ്ഥലംമാറ്റത്തിന് പിന്നില്‍ പാര്‍ട്ടിയുടെ ഇടപെടല്‍. മുഖംരക്ഷിക്കാനായി ജില്ലയില്‍ ഡിവൈഎസ്പി റാങ്കിനു മുകളിലുള്ള എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയത് അന്‍വറിനെയും മുന്നണിയിലെ ഘടകകക്ഷികളേയും തണുപ്പിക്കാന്‍.
ജില്ലയിലെ പോലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. മലപ്പുറം എസ്പി ശശിധരന്, മുട്ടില്‍ മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ താനൂര്‍ ഡിവൈഎസ്പി വിവി ബെന്നി തുടങ്ങി ജില്ലയിലെ എല്ലാ ഡിവൈസ്പിമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ബെന്നിയെ കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. കൂടാതെ സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പടെ എല്ലാ സബ്ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. ശശിധരന് പകരം പോലീസ് ആസ്ഥാന എഐജി വിശ്വനാഥാണ് പുതിയ മലപ്പുറം എസ്പി.
അന്‍വര്‍ ഉയര്‍ത്തിയ വിവാദക്കൊടുങ്കാറ്റ് ഇടതുമുന്നണിയിലും പൊട്ടിത്തെറിക്ക് വഴിവച്ചിരുന്നു.
പോലീസും സിപിഎം നേതൃത്വവുമായി ചേര്‍ന്ന് നടത്തുന്ന ‘ദുരൂഹ’ ഇടപാടുകള്‍ കമ്യൂണിസ്റ്റിന് യോജിച്ചതല്ലെന്ന നിലയില്‍ നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ തുറന്നടിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അന്ന് ബിനോയ് വിശ്വത്തിന്റെ പ്രസ്താവന. ഇതിന് പിന്നാലെയാണ് അന്‍വര്‍ പരസ്യ ആരോപണം ഉന്നയിക്കുകയും മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും പരാതി നല്‍കുകയും ചെയ്തത്. ഇതോടെ സിപിഐ കടുത്ത എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു.
സിപിഎം എംഎല്‍എമാര്‍ക്കു പിന്നാലെ ഇടതുമുന്നണിയിലെ പ്രധാന സഖ്യകക്ഷി കൂടി അന്‍വറിനു പിന്തുണയുമായി രംഗത്തു വന്നതോടെ അഴിച്ചുപണി നടത്താതെ മറ്റുപോംവഴി ഇല്ലെന്നു തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായത്.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എഡിജിപി എം ആര് അജിത് കുമാറിനുമടക്കം എതിരെ നല്കിയ പരാതിയില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ തള്ളി സിപിഎം രംഗത്തു വന്നിരുന്നു. അന്‍വറിന്റെ പരാതി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തെങ്കിലും വിഷയത്തില്‍ പാര്‍ട്ടിതല അന്വേഷണം വേണ്ടെന്നായിരുന്നു തീരുമാനം.