84ലും യുവത്വം കാത്തുസൂക്ഷിയ്ക്കുന്ന കെഇ ഇസ്മയില്‍ എന്ന കമ്മ്യൂണിസ്റ്റ് ഇന്നും പുതുതലമറയുടെ ആവേശമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. കെഇ ഇസ്മയിലിന്റെ ജന്മദിനം കെഇ@84 വടക്കഞ്ചേരി മുടപ്പല്ലൂര്‍ തേവര്‍ക്കാട് കണ്വന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ഇ.യെ പ്രിയതോഴനെന്ന് വിശേഷിപ്പിച്ചാരംഭിച്ച ഡി. രാജ രാഷ്ട്രീയബന്ധത്തിനപ്പുറം കെ.ഇ.യുമായുള്ള വ്യക്തിബന്ധം ചെറുവാക്കുകളില്‍ വരച്ചിട്ടു.
വ്യാഴാഴ്ച വള്ളിയോട് തേവര്‍കാട് കണ്വെന്ഷന് സെന്ററിലായിരുന്നു കെഇക്ക് ആദരം ഒരുക്കിയത്. കെഇക്ക് ആശംസകളര്‍പ്പിക്കാന്‍ എല്ലാ ജില്ലകളില്‍ നിന്നും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും എത്തിചേര്‍ന്നു. ഫലത്തില്‍ കിഴക്കുഞ്ചേരിയുടെ ഉത്സവത്തിനാണ് ഇവിടെ സാക്ഷ്യം വഹിച്ചത്.
കെ.ഇയെ പാകപ്പെടുത്തിയ കെഇ സൃഷ്ടിച്ച കിഴക്കുഞ്ചേരിയേകുറിച്ചായിരുന്നു വന്നവരിലേറെ പേര്‍ക്കും പറയാുണ്ടായിരുന്നത്. കര്‍ഷക തൊഴിലാളികളും ഷോപ്പു തൊഴിലാളികളുമടക്കം ദിവസക്കൂലിയില്‍ ജീവിക്കുന്നവര്‍ തങ്ങളുടെ തൊഴില്‍ ദിനം പോലും ഒഴിവാക്കിയാണ് ചടങ്ങിനെത്തിയതെന്നതും ശ്രദ്ധേയമായി. കെഇ എന്ന മനുഷ്യ സ്നേഹിക്കും കെഇ എന്ന കമ്മയൂണിസ്റ്റിനും ലഭിച്ച ഏറ്റവും വലിയ ആദരമായി കെഇ@84 മാറി.
കെ.ഇ എന്ന രണ്ടക്ഷരത്തില്‍ നിന്നും സഹായങ്ങള്‍ ലഭിച്ചിരുന്ന നൂറുകണക്കിനാളുകളിവിടെ എത്തി. ഇവരില്‍ പലരും അദ്ധേഹത്തെ ഒരിക്കല്‍ പോലും നേരില്‍ കാണാത്തവരായിരുന്നു. ആദ്യകാല കമ്യണിസ്റ്റുകളുടെ പുനര്‍ സംഗമവേദിയായും ആഘോഷ നഗരി മാറി.
നാള് വഴികളിലൂടെ…………..
1939 ആഗസ്റ്റ് 10-നാണ് ജനനം. ഹൈസ്കൂള്‍ പഠനകാലത്തുതന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. ചേട്ടന് കെ.ഇ. ഹനീഫയായിരുന്നു അനിയന് വഴികാട്ടിയായത്. പട്ടാളത്തില്‍ നിന്ന് വിട്ട് നാട്ടിലെത്തിയതോടെയാണ് പൊതുപ്രവര്‍ത്തനം ഉഷാറാക്കിയത്. കിഴക്കഞ്ചേരിയില്‍ സി.പി.ഐയുടെ ബ്രാഞ്ച് സെക്രട്ടറിയായാണ് തുടക്കം. കിഴക്കഞ്ചേരി ലോക്കല്‍ സെക്രട്ടറി, ആലത്തൂര്‍ മണ്ഡലം സെക്രട്ടറി, ആലത്തൂര്‍-കുഴല്‍മന്ദം താലൂക്ക് സെക്രട്ടറി, പിന്നീട് പാര്‍ട്ടിക്ക് ജില്ലയില്‍ അടിത്തറയുണ്ടാക്കിയ പി. ശങ്കര്‍ സെക്രട്ടറിയായിരുന്നപ്പോള്‍ അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 1965ല്‍ കുറച്ചുകാലം ജില്ല സെക്രട്ടറിയുടെ ചുമതലയും വഹിച്ചു. 1968ലെ കോട്ടയം സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റിയിലെത്തുന്നത്. അടുത്ത രണ്ട് സമ്മേളനക്കാലം കഴിഞ്ഞപ്പോഴേക്കും സംസ്ഥാന നിര്‍വ്വാഹ സമിതിയിലെത്തി. 1982ലെ വാരണാസി പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സി.പി.ഐ ദേശീയ കൗണ്‍സിലിലെത്തി. പിന്നീട് പാര്‍ട്ടി സെക്രട്ടറിയായ സുധാകര്‍ റെഡ്ഡിയും ആ കാലത്താണ് ദേശീയ കൗണ്‍സിലിലെത്തുന്നത്. 1996 മുതല്‍ 2001 വരെ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയായും 2006 മുതല്‍ 2012 വരെ രാജ്യസഭാംഗമായും ഏറെക്കാലം സി പി ഐ സംസ്ഥാന അസിസ്റ്റന്റു സെക്രട്ടറിയായും മൂന്ന് തവണ കേരള നിയമസഭയേയും പ്രതിനീധികരിച്ചു കെഇ ഇസ്മയില്‍. പാര്‍ട്ടിയില്‍ സംസ്ഥാന സെക്രട്ടറി പദം ഒഴികെ എല്ലാം കെ.ഇ.യെ തേടിയെത്തി. പി.കെ. വാസുദേവന്‍ നായരും വെളിയം ഭാര്‍ഗ്ഗവനും സെക്രട്ടറിമാരായിരുന്ന സമയത്ത് അസി. സെക്രട്ടറിയായിരുന്നു.
ജനങ്ങള്‍ക്കു വേണ്ടി അക്ഷീണം പ്രയത്നിച്ചതുകൊണ്ടാണ് ആയിരണ്ടക്കണക്കിന് സാധാരണക്കാര്‍ കെ ഇ ക്ക് പിറന്നാള്‍ ആശംസിക്കാന്‍ എത്തിയതെന്നും ആനി രാജ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ ആറളത്ത് വൈദ്യുതിയെത്തിക്കാന്‍ കെ.ഇ. നടത്തിയ ഇടപെടലുകള്‍ ആനി രാജ ചൂണ്ടിക്കാട്ടി. പൊതുരംഗത്തുള്ളവര്‍ പരസ്പരം പിണങ്ങുക പതിവാണെങ്കിലും കെ.ഇ.യുമായി ഒരിക്കലും അത്തരമൊരു സന്ദര്ഭമുണ്ടായിട്ടില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഓര്‍മിച്ചു.
പ്രതിസന്ധികള്‍ വരുമ്പോള്‍ മാറിനില്‍ക്കാറില്ല. പതറിയിട്ടില്ല.
പ്രതിസന്ധികള്‍ വരുമ്പോള്‍ മാറിനില്‍ക്കാറില്ല. പതറിയിട്ടില്ല. പതറുകയുമില്ലന്നും കെഇ ഇസ്മയില്‍ പറഞ്ഞു. പാര്‍ട്ടി ചുമതലയില്ലെങ്കിലും സഹായം ആവശ്യപ്പെട്ടുവരുന്നവരെ കയ്യൊഴിയില്ലന്നും കെഇ വ്യക്തമാക്കി.
എം.എല്‍.എ.മാരായ മുഹമ്മദ് മുഹ്സിന്, ഇ.കെ. വിജയന്, മുന്‍മന്ത്രി കെ. രാജു, സി.പി.എം. സംസ്ഥാനസമിതി അംഗം സി.കെ. രാജേന്ദ്രന്, സി.പി.ഐ. മുന്‍ അസി. സെക്രട്ടറി സി.എന്‍. ചന്ദ്രന്, മുന്‍ എം.എല്‍.എ.മാരായ സി.ടി. കൃഷ്ണന്, ബാബുപോള്‍, വി. ചെന്താമരാക്ഷന്, കെ.എ. ചന്ദ്രന്, മുന്‍ ചീഫ്വിപ്പ് തോമസ് ഉണ്ണിയാടന്, മുന്‍ ഡെപ്യൂട്ടിസ്പീക്കര്‍ ജോസ് ബേബി, സി.പി.ഐ. സംസ്ഥാന നിര്‍വാഹകസമിതി അംഗം വി. ചാമുണ്ണി, ബി.ജെ.പി. ജില്ലാപ്രസിഡന്റ് കെ.എം. ഹരിദാസ്, മുതിര്‍ന്ന നേതാവ് എന്‍. ശിവരാജന്, പ്രവാസി വ്യവസായിയും ഫൈന്‍ ഫെയര്‍, കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും നോര്‍ക്ക മുന്‍ ഡയറക്ടറുമായ ഇസ്മായില്‍ റാവുത്തര്‍, ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ കടമ്പേലില്‍ പോള്‍ തോമസ്, കവി ആലങ്കോട് ലീലാകൃഷ്ണന്, കെ.ഇ.യുടെ സഹോദരനും മുതിര്‍ന്ന സി.പി.ഐ. നേതാവുമായ കെ.ഇ. ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു.