തിരുവനന്തപുരം: ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേരയ്ക്കെതിരെ എടുത്ത കേസ് ഉടന്‍ പന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തങ്ങള്‍ മറുനാടനെ സംരക്ഷിക്കാന്‍ ഇറങ്ങിയിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ വീടുകള്‍ റെയ്ഡ് ചെയ്ത് ഫോണുകള്‍ പിടിച്ചെടുക്കുന്നതിനെതിരെയാണ് ചോദ്യം ഉന്നയിച്ചതെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
വികാരി ജനറല്‍ യൂജിന്‍ പെരേരയ്ക്കെതിരെ കേസെടുത്തത് തീരദേശ ജനങ്ങളോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണ്. മന്ത്രിമാരാണ് അവിടെ പ്രകോപനമുണ്ടാക്കിയത്. മുതലപ്പൊഴിയിലെ പ്രശ്നം പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടതാണ്. അടിയന്തര പരിഹാരമുണ്ടാകുമെന്ന് മന്ത്രി മറുപടി നല്‍കിയിരുന്നു. അറുപതിലധികം പേരാണ് അവിടെ കൊലചെയ്യപ്പെട്ടത്. ഇതിന് കാരണം സര്‍ക്കാരിന്റെ അനാസ്ഥയാണെന്നും സതീശന് കുറ്റപ്പെടുത്തി.
തീരദേശത്തുള്ളവര്‍ വൈകാരികമായി പ്രതികരിക്കുന്നവരാണ്. മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും എതിരെ വൈകാരികമായി ഇതിന് മുന്‍പും അവര്‍ പ്രതികരിച്ചിട്ടുണ്ട്. 140 ദിവസം നടത്തിയ വിഴിഞ്ഞം സമരം പരാജയപ്പെട്ടതിന്റെ വിരോധം തീര്‍ക്കാനാണ് വികാരി ജനറല്‍ ഇങ്ങനെ പ്രതികരിച്ചതെന്നാണ് മന്ത്രിമാരുടെ ഭാഷ്യം. തീരപ്രദേശത്തെ പാവങ്ങളായ ജനങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ സമരം നടത്തിയത്. ആ സമരത്തെ തള്ളിപ്പറഞ്ഞത് തീരദേശ ജനതയെ അപമാനിക്കുന്നതിന് തുല്യമാണ്. വികാരി ജനറലിനെതിരായ കേസ് അടിയന്തിരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യധാരാ മാധ്യമങ്ങള്ക്കെതിരേ പി.വി അന്‍വര്‍ ആക്രോശിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മാധ്യമ പ്രവര്‍ത്തകരോട് വേണമെങ്കില്‍ ഗുണ്ടായിസം കാട്ടുമെന്ന തരത്തിലുള്ള വെല്ലുവിളിയാണ് ഒരു എം.എല്‍.എ നടത്തുന്നത്. മറുനാടനെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇത് പറഞ്ഞതെന്ന തരത്തില്‍ ഇപ്പോള്‍ സി.പി.എം പ്രചരിപ്പിക്കുന്നുണ്ട്. മറുനാടന്‍ കേസില്‍ വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.