ന്യൂഡല്‍ഹി: സി.പി.ഐ നേതാവ് ആനി രാജയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസടുത്ത് മണിപ്പുര്‍ പോലീസ്. മണിപ്പുരിലേത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കലാപമാണെന്ന ആരോപണം ഉന്നയിച്ചതിനാണ് കേസ്. ആനി രാജയ്ക്ക് പുറമെ ദേശീയ വനിതാ ഫെഡറേഷന്റെ മറ്റ് രണ്ട് നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇംഫാല്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കുമെതിരെ കലാപത്തിന് അഹ്വാനം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.
തങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കുന്നതിനുള്ള ശ്രമമാണ് കേസെന്ന് ആനി രാജ പറഞ്ഞു. കേസില്‍ അത്ഭുതമൊന്നുമില്ല. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. കേന്ദ്ര സര്‍ക്കാര്‍കൂടി പങ്കാളിയായ രഹസ്യ അജണ്ട മണിപ്പുരില്‍ നടപ്പാക്കപ്പെടുന്നുവെന്നും അവര്‍ ആരോപിച്ചു.
മണിപ്പുര്‍ വിഷയത്തില്‍ ഇടപെടാതിരിക്കുന്ന സര്‍ക്കാറിന്റെ പരാജയം തുറന്നുകാട്ടിയതാണ് കേസെടുക്കുന്നതിലേക്ക് വഴിവെച്ചത്. കേസെടുത്തതുകൊണ്ട് പ്രസ്താവനകളില്‍ നിന്ന് പിന്നാക്കം പോകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.