തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്ന് തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ്. ഇന്ത്യയിലാകെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വരുന്ന ഭീഷണികളോ ആക്രമണങ്ങളോ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുഭവിക്കേണ്ടിവരുന്നില്ല. ഇല്ലാത്തതു പറയാന്വരേയുള്ള സ്വാതന്ത്ര്യം കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടെന്നും രാജേഷ് പറഞ്ഞു. തെറ്റു ചെയ്താല്‍ മുന്‍ എസ്.എഫ്.ഐ. നേതാവെന്നും എന്തെങ്കിലും അംഗീകാരം ലഭിച്ചാല്‍ ആ പരിഗണന ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്കെതിരേ കേസെടുത്ത സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. പോലീസ് പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും മാധ്യമപ്രവര്‍ത്തകയ്ക്കെതിരേ കേസെടുത്തിട്ടുണ്ടാവുക. അതിന്റെ വിശദാംശങ്ങള്‍ തനിക്ക് ലഭ്യമായിട്ടില്ല. വിശദാംശങ്ങള്‍ വന്നിട്ട് അതേപ്പറ്റി സംസാരിക്കാമെന്നും രാജേഷ് പറഞ്ഞു.
വ്യാജരേഖ ഉണ്ടാക്കിയതിലോ അതില്‍ പ്രതിയായ ആളെയോ ആരും ന്യായീകരിച്ചിട്ടില്ലന്നും മന്ത്രി പറഞ്ഞു. തെറ്റു ചെയ്ത ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. ഇത്തരം തെറ്റായ രീതികളെ പ്രോത്സാഹിപ്പിക്കുകയോ കുറ്റക്കാരെ സംരക്ഷിക്കുകയോ ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു. കോളേജില്‍ പഠിച്ച കാലത്ത് എസ്.എഫ്.ഐ. ആയി എന്നതിന്റെ പേരില്‍ തെറ്റുചെയ്ത ആളെ ആരും ന്യായീകരിച്ചിട്ടില്ലെന്നും തള്ളിപ്പറയുകയാണ് ചെയ്തതെന്നും രാജേഷ് വ്യക്തമാക്കി.
പഠിക്കുന്ന സമയത്ത് പലരും എസ്.എഫ്.ഐ.യിലും കെ.എസ്.യുവിലുമൊക്കെ പ്രവര്‍ത്തിക്കും. പിന്നീട് അവര്‍ എന്തെങ്കിലും തെറ്റുചെയ്താല്‍ മുന്‍ എസ്.എഫ്.ഐ. നേതാവ് എന്ന രീതിയിലാണ് പരിഗണിക്കുന്നത്.
ഒരു മുന്മന്ത്രിയെ ഇ.ഡി. ചോദ്യം ചെയ്തതും ഒരു പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റുചെയ്തതും, ഇടപാടുകാരന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരു ബാങ്ക് പ്രസിഡന്റിനെ അറസ്റ്റുചെയ്തതുമെല്ലാം ഈയടുത്ത ദിവസങ്ങളിലുണ്ടായി. ഇതൊന്നും ചര്‍ച്ചചെയ്യാതെ ചിലതുമാത്രം ഊതിപ്പെരുപ്പിച്ച് അവതരിപ്പിക്കുന്നതിലെ രാഷ്ട്രീയം മനസ്സിലാകും. മാധ്യമപ്രവര്‍ത്തകര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, നിഷ്പക്ഷരാണെന്ന് അവകാശപ്പെടരുതെന്നും എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.