കൊച്ചി: സംഘപരിവാര്‍ ഡല്‍ഹിയില്‍ ചെയ്യുന്നത് അതുപോലെ കേരളത്തില്‍ അനുകരിക്കുകയാണ് സര്‍ക്കാരെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്കെതിരേ നടപടി എടുത്ത സംഭവത്തില്‍ സര്‍ക്കാരിനെ സതീശന് രീക്ഷമായി വിമര്‍ശിച്ചു. എസ്.എഫ്.ഐക്കെതിരായി ക്യാമ്പയിന് നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം അഹങ്കാരം നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. അധികാരം നല്കിയ ധിക്കാരത്തിന്റെ പ്രതിഫലനമാണ്. പാര്‍ട്ടി സെക്രട്ടറിയേയല്ല, മുഖ്യമന്ത്രിയേയാണ് ഭരിക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നതെന്നും വി.ഡി. സതീശന് വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന് മോദി സ്റ്റൈല്‍ അനുകരിക്കുകയാണ്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുടെ പരാതിയിലാണ് കേസെടുത്തത് എന്നത് വിസ്മയമുളവാക്കുന്ന കാര്യമാണ്. കുട്ടി സഖാക്കള്‍ക്കെതിരേ ആരെങ്കിലും ശബ്ദിച്ചാല്‍, അവര്‍ ചെയ്യുന്ന കൊടുംപാതകങ്ങള്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത നടപടി മാധ്യമവേട്ടയാണ്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. അന്വേഷണവുമായി പോലീസ് മുന്നോട്ടുപോയാല്‍ നിരന്തരമായ സമരങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യംവഹിക്കും. ഇതിനോടൊന്നും മുട്ടുമടക്കാന്‍ പോകുന്നില്ലെന്നും സതീശന് പറഞ്ഞു.
‘ഭീരുവാണ് മുഖ്യമന്ത്രി, ഇതുപോലെ ഭീരുവായൊരു മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ല. ഇതിനെതിരായ ശക്തമായ പോരാട്ടം കേരളത്തില്‍ നാളെമുതലുണ്ടാവും. അടിയന്തരമായി ഇപ്പോള്‍ എടുത്തിരിക്കുന്ന കേസ് പിന്‍വലിക്കണമെന്ന് ശക്തിയായി ആവശ്യപ്പെടുകയാണ്. കേസെടുത്തതിനെ അതിശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ കുട്ടികളെ ഭീഷണിപ്പെടുത്താന്‍ എം.വി. ഗോവിന്ദന് ആരാണ്? മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താന്‍ നിങ്ങളാരാണ്? ഇനിയും സര്‍ക്കാരിനെ വിമര്‍ശിക്കും, എസ്.എഫ്.ഐ. കൊണ്ടുവരുന്ന വൃത്തികേടുകളെ വിമര്‍ശിക്കും. നിങ്ങളുടെ ഭീഷണി ആര് വിലവെക്കുന്നു മിസ്റ്റര്‍ ഗോവിന്ദന്? ആരെയാണ് ഭീഷണിപ്പെടുത്തുന്നത്?’, പ്രതിപക്ഷനേതാവ് ചോദിച്ചു.
പോലീസിന്റെ കൈകാലുകള്‍ കെട്ടപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടിക്കാരാണ് പോലീസുദ്യോഗസ്ഥരെ പോസ്റ്റ് ചെയ്യുന്നത്. തനിക്കെതിരേ പോസ്റ്റിട്ട സി.പി.എം. പ്രവര്ത്തകന് പറവൂരിലെ സി.ഐ. തന്നെ ലൈക്കടിക്കുകയാണ്. ഏറാന്മൂളികളായ പോലീസുകാരെ ഓരോസ്ഥലത്തും നിയമിച്ചിരിക്കുകയാണ്. എന്തും നടക്കുന്ന സ്ഥലമായി പോലീസ് മാറി. കേസെടുത്ത ഭീരുത്വമോര്‍ത്ത് ജനം ചിരിക്കുകയാണ്. വനിതാ മാധ്യമപ്രവര്‍ത്തകരാണ് എപ്പോഴും സൈബര്‍ വെട്ടുകിളി കൂട്ടങ്ങളുടെ ഇരകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.