ന്യൂഡല്‍ഹി: എഎപിയുടെ നാല് നേതാക്കളെ ജയിലില്‍ അടച്ചാല്‍ പാര്‍ട്ടി തകര്‍ന്നുപോകുമെന്നാണ് നരേന്ദ്രമോദി കരുതുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. അതിനായി മോദി ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യുന്നു. എന്നാല്‍ എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും കരുത്തോടെ തിരിച്ചുവരുന്ന പാര്‍ട്ടിയാണ് എഎപിയെന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജയില്‍മോചിതനായതിനു പിന്നാലെ റോസ് അവന്യുവിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യത്തെ എല്ലാ അഴിമതിക്കാരേയും കൂടെ കൂട്ടി അഴിമതിക്കെതിരായ പോരാട്ടം നടത്തുകയാണെന്ന് വീമ്പ് പറയുകയാണ് ബിജെപിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. ജനങ്ങളെ വിഡ്ഢികളാക്കരുത്. കൊച്ചു കുട്ടികള്‍ക്കുപോലും കാര്യങ്ങളെല്ലാം അറിയാം. സ്വന്തം മന്ത്രിസഭയിലെ അംഗത്തെ അഴിമതിയുടെ പേരില്‍ ജയിലില്‍ അടച്ചവനാണ് ഞാന്‍. അതിനാല്‍ അഴിമതിക്കെതിരായ പോരാട്ടം നരേന്ദ്രമോദി പഠിക്കേണ്ടത് എന്നില്‍നിന്നാണ്. ഒരു രാജ്യം ഒരു നേതാവ് എന്ന ഭാവമാണ് പ്രധാനമന്ത്രിക്ക്. ഒരുപാടുപേരെ ജയിലിലാക്കിയ മോദി ഇപ്പോള്‍ കേരള മുഖ്യമന്ത്രിയുടെ പിന്നാലെയാണ്. മോദി വീണ്ടും ജയിച്ചാല്‍ പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ജയിലില്‍ അടയ്ക്കും’ കെജ്രിവാള് വ്യക്തമാക്കി.
ജൂണ്‍ നാലിന് ശേഷം എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും. എഎപി അതിന്റെ ഭാഗമാകും. ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവിയും നല്‍കും. ഹരിയാന, രാജസ്ഥാന്, ബിഹാര്‍, യുപി, ഡല്‍ഹി, കര്‍ണാടക, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെല്ലാം ബിജെപിക്ക് സീറ്റ് കുറയുമെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
മദ്യനയക്കേസില്‍ ഒന്നരമാസത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കെജ്രിവാളിന് വെള്ളിയാഴ്ചയാണ് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെയും പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളുടെയും ആഹ്ലാദാരവങ്ങള്‍ക്കിടെയാണ് കെജ്രിവാള് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.