തിരുവനന്തപുരം: സിപിഐ ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘അടുക്കളയ്ക്ക് ഒരുപിടി ചീര’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആയിരക്കണക്കിന് കേന്ദ്രങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൃഷി ചെയ്ത ചീരയുടെ വിളവെടുപ്പ് 12ന് ആരംഭിക്കും. വിളവെടുക്കുന്ന ചീര വിവിധ പ്രദേശങ്ങളില്‍ ബഹുജനങ്ങള്‍ക്ക് സൗജന്യമായി നല്‍കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. ചീര വിതരണം ചെയ്യുന്ന പരിപാടിയുടെ ഉദ്ഘാടനം മെയ് 13 രാവിലെ 11.45ന് എം എന്‍ സ്മാരകത്തിന് മുന്നില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നിര്‍വഹിക്കും. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയില്‍ ചിരയുടെ വിളവെടുപ്പ് പൂര്‍ത്തിയാക്കുകയും അതോടൊപ്പം സൗജന്യമായി വിതരണം ചെയ്യുന്ന പരിപാടി വ്യാപകമായി സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി അഡ്വ. ജി ആര് അനില്‍ അറിയിച്ചു.