കൊച്ചി: തൃപ്പൂണിത്തുറ എംഎല്‍എ കെ.ബാബുവിന് ആശ്വാസമായി ഹൈക്കോടതി വിധി. ബാബുവിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന എം.സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. മതചിഹ്നം ഉപയോഗിച്ച് കെ.ബാബു വോട്ട് തേടി എന്നാണ് ഹര്‍ജിയിലെ ആക്ഷേപം. ജസ്റ്റിസ് പി.ജി.അജിത് കുമാറിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. ബാബുവിനെതിരായ ആക്ഷേപം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. വോട്ടര്‍മാര്‍ക്ക് മതചിഹ്നമുള്ള സ്ലിപ്പ് നല്കി എന്നതിന് തെളിവില്ല. സാക്ഷിമൊഴികള്‍ മാത്രമായി പരിഗണിക്കാന്‍ കഴിയില്ല. സാക്ഷിമൊഴിയെ സാധൂകരിക്കുന്ന തെളിവില്ലെന്നും കോടതി വ്യക്തമാക്കി.
വോട്ടര്‍മാര്‍ക്ക് നല്കിയ സ്ലിപ്പില്‍ സ്ഥാനാര്‍ഥിയുടെ ചിത്രത്തിനൊപ്പം ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കമുള്ള വിഷയങ്ങളാണ് എം.സ്വരാജിന്റെ പരാതിക്ക് ആധാരം. താന്‍ തോറ്റാല്‍ അയ്യപ്പന് തോല്ക്കുന്നതിനു തുല്യമാണെന്നു കാണിച്ച് ബാബു മണ്ഡലത്തില്‍ പ്രചാരണം നടത്തിയെന്നും പരാതിയിലുണ്ട്. ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നായിരുന്നു സ്വരാജിന്റെ ആവശ്യം. ഈ വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന കെ.ബാബുവിന്റെ തടസവാദം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഈ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും തിരിച്ചടിയായിരുന്നു ഫലം. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലെത്തി മൂന്ന് വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കേസിലെ വിധി.