തിരുവനന്തപുരം: സിപിഐയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായത് സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കില്ലന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സാങ്കേതിക കാര്യം മാത്രമാണിത്. പാര്‍ട്ടിക്ക് അംഗീകാരമില്ലാതിരുന്നപ്പോഴും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു. ‘2014 മുതല്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടക്കുന്നു. സിപിഐയുടെ വാദഗതി അംഗീകരിച്ചില്ല. ഏതെങ്കിലും ഒരു മാനദണ്ഡത്തിന്റെ പേരില്‍ തീരുമാനമെടുക്കരുതായിരുന്നു. നിയമപരമായി നീങ്ങുന്ന കാര്യം പാര്‍ട്ടി ദേശീയ നേതൃത്വം ആലോചിച്ച് തീരുമാനിക്കും’, കാനം രാജേന്ദ്രന് പ്രതികരിച്ചു. സിപിഐ ഉള്‍പ്പടെ മൂന്ന് പാര്‍ട്ടികള്‍ക്കാണ് ദേശീയ പാര്‍ട്ടി പദവി നഷ്ടമായിരിക്കുന്നത്. എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയാണ് പദവി നഷ്ടമായ മറ്റ് പാര്‍ട്ടികള്‍. ആം ആദ്മി പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് ദേശീയ പദവി നല്കി.