ബെംഗളൂരു: കര്‍ഷകരുടെ കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായായി കോലാറില്‍ പഞ്ചരത്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ മക്കളായതുകൊണ്ട് വിവാഹ ആലോചനയില്‍ നിന്നും പെണ്‍കുട്ടികള്‍ പിന്മാറുന്നതായി തനിക്ക് ധാരാളം പരാതികള്‍ ലഭിച്ചിരുന്നു. കര്‍ഷക കുടുംബങ്ങളുടെ ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് തന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പെണ്‍കുട്ടികള്‍ക്ക് തുക അനുവദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആണ്‍കുട്ടികളുടെ ആത്മാഭിമാനത്തെ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി ആരംഭിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു.