ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മിപാര്ട്ടിക്കു മുന്നില്‍ വാതില്‍ കൊട്ടിയടച്ച് കോണ്‍ഗ്രസ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംസ്ഥാനത്തെ ഏഴ് മണ്ഡലങ്ങളിലും തനിച്ച് മത്സരിക്കും. കോണ്‍ഗ്രസ് ആരുമായും സഖ്യത്തിനില്ലെന്നും ഏഴ് സീറ്റിലും മത്സരിക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിതിന്റെ പ്രസ്താവനയാണ് സഖ്യത്തെക്കുറിച്ച് വീണ്ടും ചര്‍ച്ച സജീവമാക്കിയത്. ഇതുവരെ സഖ്യമില്ലെന്നായിരുന്നു ഷീല ദീക്ഷിതിന്റെ പ്രതികരണം. സംസ്ഥാന കോണ്‍ഗ്രസല്ല ഇതില്‍ തീരുമാനമെടുക്കുന്നതെന്നും രാഹുല്‍ ഗാന്ധിയാണെന്നുമായിരുന്നു അവര്‍ പറഞ്ഞത്.
എന്നാല്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ സംസ്ഥാനത്തെ നേതാക്കളുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ 15 വര്‍ഷമായുള്ള ഭരണം അവസാനിപ്പിച്ച എഎപിയോട് കടുത്ത വിരോധത്തിലാണ് ഷീല ദീക്ഷിത് അടക്കമുള്ള സംസ്ഥാന നേതാക്കള്‍. സംസ്ഥാന നേതാക്കള്‍ ഒറ്റക്കെട്ടായി എഎപി സഖ്യം തള്ളി. ഇതോടെ രാഹുലിനു മുന്നില്‍ വഴി അടയുകയായിരുന്നു.