തൊടുപുഴ: കോട്ടയം ലോക്സഭാ സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം മുറുകി. സീറ്റ് നല്‍കാനാവില്ലെന്ന് മാണി വിഭാഗം നിലപാട് കടുപ്പിച്ചതോടെ പി.ജെ ജോസഫിന്റെ തൊടുപുഴയിലെ വസതിയില്‍ രാത്രി വൈകി തിരിക്കിട്ട കൂടിയാലോചനകള്‍ നടന്നു.
ജോസഫ് വിഭാഗം നേതാക്കളായ മോന്‍സ് ജോസഫ് എംഎല്‍എ, ടി.യു. കുരുവിള തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. താന്‍ ശുഭാപ്തി വിശ്വാസിയാണെന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും യോഗത്തിനു ശേഷം പി.ജെ ജോസഫ് പ്രതികരിച്ചു. ഇതിനിടെ മാണിയുടെ കത്തുമായി പ്രത്യേക ദൂതന് പി.ജെ ജോസഫിന്റെ വീട്ടില്‍ എത്തിയതായും വിവരമുണ്ട്.
ഞായറാഴ്ച രാത്രിയോടെയാണ് പി.ജെ. ജോസഫ് മത്സരിക്കുന്നതില്‍ മാണി വിഭാഗം എതിര്‍പ്പുമായി രംഗത്തു വന്നത്. ജോസഫിന് പകരം തോമസ് ചാഴികാടനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. ചാഴികാടന് സ്ഥാനാര്‍ഥിയാകുമെന്നു വാര്‍ത്തകള്‍ വരികയും ചെയ്തു. ഇതോടെയാണ് ജോസഫ് വിഭാഗം യോഗം ചേര്‍ന്നത്. ഇരുകൂട്ടരും നിലപാട് കടുപ്പിച്ചതോടെ യുഡിഎഫ് നേതാക്കള്‍ പ്രശ്നത്തില്‍ ഇടപെട്ടു. പിളര്‍പ്പിലേക്ക് നീങ്ങരുതെന്ന് നേതാക്കള്‍ മാണിയോട് ആവശ്യപ്പെട്ടു.