തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമ്മേജിംഗ് ടെക്നോളജിയുടെ (സി-ഡിറ്റ്) രജിസ്റ്റാര്‍ തസ്തികയില്‍ മുന്‍ എം.പിയും ഹരിത കേരള മിഷന്റെ വൈസ് ചെയര്‍മാനുമായ ടി.എന്‍.സീമയുടെ ഭര്‍ത്താവ് ജി. ജയരാജിന് റിട്ടയര്‍ ചെയ്ത ശേഷം സര്‍വ്വീസ് നീട്ടിക്കൊടുത്തത് തിരഞ്ഞെടുപ്പ് കാലത്ത് സിഡിറ്റിനെ ദുരുപയോഗ പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കുന്ന സ്ഥാപനമാണ് സിഡിറ്റ്.
തിരഞ്ഞെടുപ്പ് കാലത്ത് ഇടതു മുന്നണിക്ക് വേണ്ടി സിഡിറ്റിനെ ദുരുപയോഗപ്പെടുത്താനാണ് പാര്‍ട്ടി മുന്‍എം.പിയായ വനിതാ നേതാവിന്റെ ഭര്‍ത്താവിന് രജിസ്റ്റാര്‍ സ്ഥാനത്ത് സര്‍വ്വീസ് നീട്ടിക്കൊടുത്തത്. ജയരാജിന്റെ തന്നെ അപേക്ഷയിലാണ് സര്‍വ്വീസ് നീട്ടിക്കൊടുത്തതെന്നതാണ് വിചിത്രമായ മറ്റൊരു കാര്യം. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും ഉന്നത സ്ഥാനങ്ങള്‍ പതിച്ചു നല്‍കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.