ആലപ്പുഴ: പാര്‍ട്ടിയെ വന്‍ പ്രതിരോധത്തിലാക്കിയ ലഹരി കടത്ത് കേസില്‍ രണ്ട് പേര്‍ക്കെതിരെ നടപടി സ്വീകരിച്ച് സിപിഎം. കേസിലെ മുഖ്യപ്രതിയും ആലപ്പുഴ സി വ്യൂ ബ്രാഞ്ച് അംഗവുമായ ഇജാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ലഹരിക്കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് നല്കിയ ആലപ്പുഴ നോര്‍ത്ത് ഏരിയാ സെന്റര്‍ അംഗം എ ഷാനവാസിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
രണ്ട് ദിവസമായി തുടരുന്ന വിവാദങ്ങള്‍ക്കൊടുവില്‍ ചേര്‍ന്ന സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത്. ലഹരിക്കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് നല്കിയ ആലപ്പുഴ നോര്‍ത്ത് ഏരിയാ സെന്റര്‍ അംഗം എ ഷാനവാസിനെ അന്വേഷണ വിധേയമായാണ് സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷനായി പാര്‍ട്ടി ചൂണ്ടിക്കാട്ടിയത് രണ്ട് കുറ്റങ്ങള്‍. വാഹനം വാങ്ങിയപ്പോഴും വാടകയ്ക്ക് കൊടുത്തപ്പോഴും പാര്‍ട്ടിയെ അറിയിച്ചില്ല. ഇക്കാര്യത്തില്‍ വീഴ്ചയും ജാഗ്രത കുറവും ഉണ്ടായി.
വിവാദം അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. മുതിര്‍ന്ന നേതാക്കളായ ഹരിശങ്കര്‍,ബാബുജന്, ജി. വേണുഗോപാല്‍ എന്നിവരാണ് കമ്മിഷന് അംഗങ്ങള്‍. അന്വേഷണത്തിന് ശേഷം തുടര്‍ നടപടി സ്വീകരിക്കും. കേസിലെ മുഖ്യപ്രതിയായ ആലപ്പുഴ സി വ്യൂ ബ്രാഞ്ച് അംഗം ഇജാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇയാളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടരി ആര് നാസര്‍ പറഞ്ഞു
കേസിലെ മൂന്നാംപ്രതിയായ സജാദ് സിപിഎം പ്രവര്‍ത്തകനല്ലെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. ഡിവൈഎഫ്ഐ അംഗമാണോഎന്ന ചോദ്യത്തിന് അത് സംഘടന വ്യക്തമാക്കട്ടെ എന്നായിരുന്നു മറുപടി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാന് യോഗത്തില്‍ പങ്കെടുത്തിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം ജില്ലാ കമ്മിറ്റി ഓഫീസില്‍ എ ഷാനവാസ്ഉള്പ്പെട്ട ആലപ്പഴ നോര്ത്ത്ഏരിയാ കമ്മിറ്റിയുടെ യോഗവും ചേര്‍ന്നു. സെക്രട്ടറിയേറ്റ് തീരുമാനം യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്നും പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കും എന്നുമായിരുന്നു മാധ്യമങ്ങളോട് ഷാനവാസ് പ്രതികരിച്ചത്.