ബെംഗളുരു: മുന്‍ വിദേശകാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ബെംഗളുരുവിലെ വസതിയിലായിരുന്നു അന്ത്യം. മഹാരാഷ്ട്ര ഗവര്‍ണറായും എസ്എം കൃഷ്ണ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന മുന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവായിരുന്നു അദ്ദേഹം. 2017 ജനുവരി 30ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് അദ്ദേഹം രാജിവച്ചു. 2017 മാര്‍ച്ച് 22ന് കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നു.
1999- 2004 കാലഘട്ടത്തിലാണ് കര്‍ണാടക മുഖ്യമന്ത്രിയായിരുന്നത്. മൂന്നു തവണ ലോക്സഭാംഗം, രണ്ട് തവണ രാജ്യസഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980 മുതല്‍ 1984 വരെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു. 1989ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മദ്ദൂരില്‍ നിന്ന് നിയമസഭയിലെത്തിയ കൃഷ്ണ 1989 മുതല്‍ 1993 വരെ നിയമസഭ സ്പീക്കറും 1993-1994 കാലഘട്ടത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചു.
1996 മുതല്‍ 1999 വരെ രാജ്യസഭാംഗമായിരുന്ന എസ്എം കൃഷ്ണ 1999 മുതല്‍ 2000 വരെ കര്‍ണാടക പിസിസി പ്രസിഡന്റായിരുന്നു. 1999ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടിയതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1999-ല്‍ രാജ്യസഭാംഗത്വം രാജിവച്ച് മദ്ദൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി.
2004ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ചാമരാജ്പേട്ട മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായിട്ടുണ്ട്. 2004ല്‍ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിക്കപ്പെട്ടതോടെ നിയമസഭാംഗത്വം രാജിവച്ചു. 2008ല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു. 2008 മുതല്‍ 2014 വരെ രാജ്യസഭാംഗമായും 2009 മുതല്‍ 2012 വരെ ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് മന്ത്രിയായും എസ്എം കൃഷ്ണ പ്രവര്‍ത്തിച്ചു.