കോഴിക്കോട്: ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ നിന്ന നില്പ്പില് മലക്കം മറിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിളള. ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചിട്ടില്ല എന്നാണ് തന്ത്രി പറഞ്ഞിട്ടുളളത് എങ്കില്‍ അതാണ് ശരി എന്നാണ് ശ്രീധരന് പിളളയുടെ പുതിയ നിലപാട്. കണ്ഠരര് രാജീവരുടെ പേര് താന്‍ പറഞ്ഞിട്ടില്ലെന്നും തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താന്‍ ഉദ്ദേശിച്ചത് എന്നും അത് ആരാണെന്ന് ഓര്‍മ്മയില്ലെന്നും ശ്രീധരന് പിളള കോഴിക്കോട്ട് പറഞ്ഞു.
യുവമോര്‍ച്ച യോഗത്തിലാണ് ശ്രീധരന് പിളള വിവാദ പ്രസംഗം നടത്തിയത്. യുവതികള്‍ കയറിയാല്‍ ശബരിമല നട അടയ്ക്കും എന്ന തീരുമാനമെടുക്കും മുന്‍പ് തന്ത്രി തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നാണ് ശ്രീധരന് പിളള പ്രസംഗിച്ചത്. നട അടയ്ക്കുന്നതിന് കോടതിയലക്ഷ്യമുണ്ടാകില്ലെന്നും പതിനായിരങ്ങള്‍ തന്ത്രിക്കൊപ്പമുണ്ടെന്നും താന്‍ ഉറപ്പ് കൊടുത്തുവെന്നും ബിജെപി നേതാവ് പ്രസംഗത്തില്‍ വെളിപ്പെടുത്തി. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് യുവതികള്‍ കയറിയാല്‍ നട അടയ്ക്കുമെന്ന് തന്ത്രി പ്രഖ്യാപിച്ചത് എന്ന വെളിപ്പെടുത്തല്‍ വലിയ കോളിളക്കമുണ്ടാക്കി. തന്ത്രിയും ബിജെപിക്കൊപ്പം രാഷ്ട്രീയം കളിക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നു. താന്‍ നിയമോപദേശം കൊടുക്കുകയാണ് ചെയ്തത് എന്നാണ് ശ്രീധരന് പിളള നേരത്തെ പ്രതികരിച്ചിരുന്നത്. എന്നാല്‍ കണ്ഠരര് രാജിവര് ശ്രീധരന് പിളളയുടെ വാദം തള്ളി.
ശബരിമല നട അടയ്ക്കുമെന്ന് പ്രഖ്യാപിക്കാന്‍ താന്‍ ആരില്‍ നിന്നും നിയമോപദേശം തേടിയിട്ടില്ലെന്നും ശ്രീധരന് പിളളയെ വിളിച്ചില്ലെന്നും കണ്ഠരര് രാജീവര് പറഞ്ഞതോടെ ബിജെപി വെട്ടിലായി. തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയപ്പോഴും അദ്ദേഹം നിലപാട് ആവര്‍ത്തിച്ചു. ഇതോടെയാണ് ശ്രീധരന് പിള്ള മലക്കം മറിഞ്ഞിരിക്കുന്നത്. വിവാദ പ്രസംഗത്തില്‍ ശ്രീധരന് പിളളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തിരിക്കുകയാണ്.