തിരുവനന്തപുരം: ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കാൻ യു.ഡി.എഫ്. ബഹുസ്വരതാ സംഗമം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാനത്ത് ഉടനീളം പരിപാടികൾ സംഘടിപ്പിക്കുമെന്നും യുഡിഎഫ് ഘടകകക്ഷികളും വിവധ മതസംഘടനകളും സംഗമത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫിന്റെ ഏകോപന സമിതി യോഗം ചേര്‍ന്നാണ് ഏക സിവിൽ കോഡ് വിഷയത്തിലും മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട വിഷത്തിലും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ജൂലെ 29ന് തിരുവനന്തപുരത്ത് ബഹുസ്വരതാ സംഗമം സംഘടിപ്പിക്കുന്നത്. യു.ഡി.എഫ് ഘടകകക്ഷികളും മറ്റു വിഭാഗങ്ങളും പരിപാടിയിൽ പങ്കെടുക്കും. എൽ.ഡി.എഫിൽ നിന്ന് സിപിഎമ്മിനേയോ മറ്റൊരു ഘടകകക്ഷികളേയോ പരിപാടിയിലേക്ക് ക്ഷണിക്കേണ്ടതില്ല എന്നാണ് യു.ഡി.എഫിന്റെ തീരുമാനം.
ഇതിന് പുറമെ സർക്കാരിനെതിരായ അഴിമതി ആരോപണം, പല വിഷയങ്ങളിലും മുഖ്യമന്ത്രി തുടരുന്ന മൗനം, തെരുവ് നായ പ്രശ്നം, പനി വിഷയം, റേഷൻ വിതരണം തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സെപ്തംബർ 4 മുതൽ 11 വരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഏക സിവില്‍കോഡിനെതിരേ സിപിഎം നടത്തുന്ന സെമിനാറിൽ മുസ്ലിം ലീഗിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെയാണ് യു.ഡി.എഫിന്റെ ബഹുസ്വര സംഘമത്തിന്റെ പ്രഖ്യാപനവും.
Content Highlights: uniform civil code vd satheesan press meet protest on july 29