മലപ്പുറം: ഹാരിസ് ബീരാന് മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. മുസ്ലിം ലീഗ് ഉന്നത അധികാര സമിതിയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. നാളെ അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഭാവിയില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്നും മുസ്ലിം ലീ?ഗ് നേതാക്കള്‍ അറിയിച്ചു.
കെഎംസിസി ദില്ലി ഘടകം പ്രസിഡന്റാണ് ഹാരിസ്. രാജ്യ തലസ്ഥാനത്തെ മുസ്ലീം ലീഗിന്റെ മുഖങ്ങളില്‍ ഒന്നാണ് രാജ്യസഭാ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപെട്ട ഹാരിസ് ബീരാന്. ലീഗിന് വേണ്ടി നടത്തിയ നിയമ പോരാട്ടങ്ങളലൂടെയാണ് ഹാരിസ് ബീരാന് ജനശ്രദ്ധ പിടിച്ചുപറ്റിയത്. വിയോജിപ്പുകള്‍ക്കിടയിലും ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം ഊട്ടിയുറപ്പിച്ചത് ഈ നിയമപോരാട്ടങ്ങള്‍ തന്നെയാണ്.
സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. ഹാരിസ് ബീരാന് മുന്‍ അഡീഷനല്‍ അഡ്വ ജനറല്‍ വി കെ ബീരാന്റെ മകനും മുന്‍മന്ത്രി വി കെ ഇബ്രാംഹീംകുഞ്ഞിന്റെ ജ്യേഷ്ഠ സഹോദരനുമാണ്. ഡല്‍ഹിയില്‍ മുസ്ലീം ലീഗ് നിര്‍മിക്കുന്ന ദേശീയ ആസ്ഥാന മന്ദിരത്തിന് അടിത്തറ ഒരുക്കുന്നതിലും ഹാരിസ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലടക്കമുള്ള ഹാരിസ് ബീരാന്റെ പ്രാവീണ്യവും രാജ്യ തലസ്ഥാനത്തെ വ്യക്തി ബന്ധങ്ങളും സാദിഖലി തങ്ങളുടെ പിന്തുണയുമെല്ലാം രാജ്യസഭാ സീറ്റിലേക്കുള്ള ഹാരിസിന്റെ യാത്രക്ക് അനുകൂല ഘടകങ്ങളായി മാറി.