ഇടുക്കി: കേസ് ഒത്തുതീര്പ്പക്കാനെത്തിയ ഇടനിലക്കാരന് എന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയെ തനിക്ക് അറിയില്ലെന്ന് എം വി ഗോവിന്ദന് പറഞ്ഞു. കണ്ണൂരില്‍ പിള്ളമാരില്ലെന്നും പാര്‍ട്ടി സെക്രട്ടറി പരിഹസിച്ചു. ആരോപണത്തില്‍ സ്വപ്നാ സുരേഷിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സിപിഎം വ്യക്തമാക്കി. ജനകീയ പ്രതിരോധ ജാഥക്കിടെ ഇടുക്കിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു എംവി ഗോവിന്ദന്.
‘എനിക്ക് അങ്ങനെയൊരു മനുഷ്യനെ അറിയില്ല. കണ്ണൂരില്‍ പിള്ളമാരില്ല. എവിടുന്നാണ് ഈ പിള്ളയെ കിട്ടിയതെന്ന് അറിയില്ല. എവിടെ നിന്നെങ്കിലും വന്നു താമസിക്കുന്നവര്‍ ഉണ്ടെങ്കിലായി. ആരോപണങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ല. നിയമപരമായി മുന്നോട്ട് പോകും.’ എംവി ഗോവിന്ദന് പറഞ്ഞു.സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തല്‍ പ്രതിരോധ ജാഥയുടെ വിജയത്തെ തകര്‍ക്കാനുള്ള നീക്കമാണെന്നും പിബി അംഗം കൂടിയായ എംവി ഗോവിന്ദന് പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 കോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തില്‍ ‘തിരക്കഥ തയ്യാറാക്കുമ്പോള്‍ അതിന് കഴിവുള്ള ആളുകളെ എടുക്കണം.ഒരു കാര്യവും മറച്ചുവെക്കാന്‍ ഞങ്ങള്‍ ആരെയും സമീപിക്കാറില്ല. എന്തെങ്കിലും പുറത്ത് പറയാനുണ്ടെങ്കില്‍ എല്ലാം പറഞ്ഞോളു.’ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.