കോട്ടയം: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നു ജനപക്ഷം ചെയർമാൻ പി.സി.ജോർജ് എംഎൽഎ. ശബരിമല വിഷയം മുൻനിർത്തി തന്നെ പ്രചാരണം നടത്തും. ആരുടെ വോട്ടും സ്വീകരിക്കും. പത്തനംതിട്ട ശബരിമല അയ്യപ്പന്റെ സ്ഥലമാണ്. അവിടെ അയ്യപ്പ വിശ്വാസികളെ പിന്തുണയ്ക്കുന്നവരും അവർക്കൊപ്പം നിൽക്കുന്നവരും വിജയിക്കണമെന്നും പി.സി.ജോർജ് പറഞ്ഞു.
യുഡിഎഫ് മുന്നണിയിലെടുക്കാൻ അഭ്യർഥിച്ചുള്ള കത്ത് ജനുവരി 12ന് നൽകിയിരുന്നതാണ്. ഇനി മറുപടി കാക്കേണ്ട കാര്യമില്ല. കോട്ടയത്തു പി.ജെ.ജോസഫ് മൽസരിച്ചാൽ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും ജോസഫ് അല്ലാതെ മറ്റേതെങ്കിലും സ്ഥാനാർഥി വന്നാൽ ജനപക്ഷം സ്ഥാനാർഥിയെ നിർത്തുമെന്നും ജോർജ് പറഞ്ഞു.