കോട്ടയം: കേരള കോണ്‍ഗ്രസിനോട് കോട്ടയം സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പരാമര്‍ശം തള്ളി മോന്‍സ് ജോസഫ് എംഎല്‍എ.
കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിനാണെന്ന് തങ്ങള്‍ക്ക് ഉറപ്പുകിട്ടിയിട്ടുണ്ടെന്ന് എംഎല്‍എ പ്രതികരിച്ചു.
ചര്‍ച്ചകളിലൂടെയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ആ സമയത്ത് കെപിസിസി പ്രസിഡന്റ് സ്ഥലത്തില്ലായിരുന്നു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തുന്നത് നന്നാവും.
ജയിക്കാവുന്ന അവസ്ഥയില്‍ അവ്യക്തത ഉണ്ടാക്കേണ്ടെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. കോട്ടയം സീറ്റ് വിട്ടുനല്‍കാന്‍ കേരള കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.
എല്ലാവര്ക്കും സ്വീകാര്യനായ 100 ശതമാനം ജയസാധ്യതയുള്ള സ്ഥാനാര്‍ഥി കോണ്‍ഗ്രസിനുണ്ട്. ഇത് കേരളാ കോണ്‍ഗ്രസിനും ബോധ്യപ്പെട്ടിട്ടുണ്ട്. കോട്ടയം സീറ്റ് നല്കിയാല് കേരള കോണ്‍ഗ്രസിന് നിയമസഭയില്‍ കൂടുതല്‍ സീറ്റ് നല്‍കുമെന്നും സുധാകരന് പറഞ്ഞിരുന്നു.