ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്. നിയമ നടപടികളുമായി മുന്നോട്ട് പോകേണ്ടെന്ന് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. വനമേഖലയില്‍ അതിക്രമിച്ചു കയറിയെന്ന കുറ്റം ചുമത്തി ബാബുവിനെതിരെ കേസെടുക്കുമെന്ന് നേരത്തെ വനംവകുപ്പ് പറഞ്ഞിരുന്നു.
കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 27 പ്രകാരമാണ് കേസെടുക്കാന്‍ തീരുമാനിച്ചിരുന്നത്. കേസെടുക്കില്ലെന്നറിഞ്ഞതില് വലിയ സന്തോഷമുണ്ടെന്നും തീരുമാനത്തില്‍ വനം മന്ത്രിക്ക് നന്ദി പറയുന്നതായും ബാബുവിന്റെ മാതാവ് റഷീദ പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും ചോറോട് മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങി. കുടുങ്ങിയ ബാബു തന്നെയാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് ഇന്നലെ രാവിലെ 11 മണിയോടെയാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്. ആര്‍മിയും എന്‍.ഡി.ആര് .എഫും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചൊവ്വാഴ്ച രാത്രി ചെറാട് മലയിലെത്തിയ സൈന്യം ബുധനാഴ്ച രാവിലെ 9 മണിക്കാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. തന്നെ രക്ഷപ്പെടുത്തിയ രക്ഷാപ്രവര്‍ത്തകരെ ചുംബിച്ചാണ് ബാബു സ്നേഹം പ്രകടിപ്പിച്ചത്.