ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണായക യോഗം ഉടന്‍ ചേരും. ഷിംലയിലാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം. അന്തരിച്ച മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വീരഭദ്രസിംഗിന്റെ ഭാര്യ പ്രതിഭാ സിംഗ്, ഹിമാചല്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുഖ്വീന്ദര് സിംഗ് എന്നിവര്‍ക്കാണ് സാധ്യത.
സുഖ്വീന്ദര് സിംഗ് സുഖുവിനാണ് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ. പ്രതിഭാ സിംഗിന്റെ അനുകൂലികള്‍ നിരീക്ഷകനായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ വാഹനം തടഞ്ഞു. കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുമ്പില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളി തുടരുകയാണ്.
പിസിസി ആസ്ഥാനത്ത് പ്രതിഭാ സിംഗ് അനുകൂലികള്‍ മുദ്രാവാക്യം വിളിക്കുകയാണ്. താക്കൂര്‍ അല്ലെങ്കില്‍ ബ്രാഹ്മണ വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രിയാകുന്നതാണ് ഹിമാചലില്‍ പതിവ്. നദൗന്‍ മണ്ഡലത്തില്‍ നിന്ന് സുഖ്വീന്ദര് സിങിന് തന്നെയാണ് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുള്ളത്.
ഹിമാചലില്‍ ആശ്വാസ വിജയത്തിന്റെ ആഹ്ലാദമവസാനിക്കും മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോര് മുറുകിയത് കോണ്‍ഗ്രസിന് വലിയ നാണക്കേടുണ്ടാക്കുന്നതാണ്. കോണ്‍ഗ്രസ് നിരീക്ഷകരായ ഭൂപേഷ് ഭാഗേല്‍, ഭൂപീന്ദര്‍ ഹൂഡ, രാജീവ് ശുക്ല എംപി എന്നിവര്‍ ഷിംലയിലെത്തി സംസ്ഥാന അദ്ധ്യക്ഷ പ്രതിഭാ സിംഗുമായി ചര്‍ച്ച നടത്തി മടങ്ങുമ്പോഴാണ് സ്വകാര്യ ഹോട്ടലിന് മുന്നില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞത്. പ്രതിഭാ സിംഗിനെ മുഖ്യമന്ത്രിയാക്കണമെന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യവും വിളിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്‍ പിസിസി അധ്യക്ഷന്‍ സുഖ്വിന്ദര് സിംഗ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകള്‍ സജീവ ചര്‍ച്ചയിലേക്ക് വന്നതോടെയാണ് അവകാശവാദവുമായി പ്രതിഭാ സിംഗ് രംഗത്തെത്തിയത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയായ പ്രതിഭ കുടുംബ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് സമ്മര്‍ദ്ദം ശക്തമാക്കുന്നത്. വീരഭദ്ര സിംഗിന്റെ പേര് ഉപയോഗിച്ചുള്ള വിജയത്തിന്റ ഫലം മാറ്റാര്‍ക്കെങ്കിലും നല്‍കാനാകില്ലെന്ന് പ്രതിഭ ഇന്ന് തുറന്നടിച്ചു.