കോഴിക്കോട്: പേരുകൊണ്ടല്ല, പ്രവര്‍ത്തനം കൊണ്ടാണ് മുസ്ലീം ലീഗിനെ വിലയിരുത്തേണ്ടതെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. ജനാധിപത്യം, മതസൗഹാര്‍ദം, സഹിഷ്ണുത, രാജ്യപുരോഗതി ഇതിനെല്ലാം വേണ്ടിയാണ് ലീഗ് നിലകൊള്ളുന്നതെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോലും ലീഗിന്റെ നിലപാടിനെ അംഗീകരിക്കുന്നുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷ വേളയിലായിരുന്നു തങ്ങഴുടെ പതികരണം. കോണ്‍ഗ്രസ് എപ്പോഴും കൂടെ തന്നെയുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
‘വിഭജനത്തിന് ശേഷം ഇന്ത്യയില്‍ അവശേഷിച്ച നിരാലംബരായ മുസ്ലീം ന്യൂനപക്ഷത്തിന് സംരക്ഷണം വേണമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും സീതി സാഹിബും മുസ്ലീം ലീഗ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ചത്. കേരളത്തില്‍ സിഎച്ച് മുഹമ്മദ് കോയയിലൂടെ മുഖ്യമന്ത്രി പദം നേടി. രാഷ്ട്രീയമായ മികച്ച സംഘാടനം ഇവിടെ നടന്നതിന് അതും ഒരു കാരണമാണ്. പുറത്ത് പലയിടത്തും പ്രക്ഷോഭം സംഘടിപ്പിച്ചും മറ്റ് സംഘടനകളുമായി ഏറ്റുമുട്ടിയും വൈകാരികമായാണ് മുന്നോട്ട് പോയത്. ആ നിലപാടുകള്‍ പരാജയമായിരുന്നു.’ സാദിഖലി തങ്ങള്‍ പറഞ്ഞു.
പേരില്‍ മുസ്ലീം എന്നുണ്ടെങ്കിലും മനോഹരമായ മറ്റുപേരുകളിട്ട് ആളുകളെ വര്‍ഗീയമായി കൊണ്ടുപോകുന്ന തരക്കാരുടെ പട്ടികയില്‍ പിന്നീടങ്ങോട്ട് ഒരു ഘട്ടത്തിലും പാര്‍ട്ടി ഉണ്ടായിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ലീഗിന്റെ ഭാഗമായാല്‍ കലാപങ്ങള്‍ക്ക് ഇരകളാവുമോയെന്ന ആശങ്ക ഇന്ത്യയില്‍ പലയിടത്തും ഇന്ന് ഭയമായി മാറിയെന്ന് സംസ്ഥാന സെക്രട്ടറി എംകെ മുനീര്‍ ഭിപ്രായപ്പെട്ടു. ലീഗിന്റെ മതനിരപേക്ഷ നിലപാടിന്റെ ഏറ്റവും വലിയ പ്രതീകമായ കേരളത്തെ ചൂണ്ടികാണിച്ചുമാത്രമേ മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ കഴിയൂ എന്നും എംഎല്‍എ കൂട്ടിചേര്‍ത്തു.