തൃശൂര്‍: സംസ്ഥാനത്ത് പോലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പിലാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. മുഖ്യമന്ത്രിയുടെ അറിവോടെ പിണറായിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന്റെ പിന്നിലെന്നും സതീശന് ആരോപിച്ചു. കാല്‍നൂറ്റാണ് മുമ്പ് ജീവിക്കേണ്ട ആളുകളാണ് അവര്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭയപ്പെടുത്താനാണ് അധ്യക്ഷനെ തന്നെ വീട്ടില്‍കയറി അറസ്റ്റ് ചെയ്തത്. ഇത്തരത്തില്‍ അറസ്റ്റ് ചെയ്യാന്‍ രാഹുല്‍ ഒളിവില്‍ പോയ ആളല്ലെന്നും സതീശന് പറഞ്ഞു.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത മുഖ്യമന്ത്രിയുടെ ഗണ്മാന്മാരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ചാലക്കുടിയില്‍ പോലീസ് ജീപ്പ് തകര്‍ത്തതിന് പിടികൂടിയവരെ പോലീസ് കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ച സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറിയെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.എസ്എഫ്ഐക്കാരെ പാല്‍ക്കുപ്പി കൊടുത്തുകൊണ്ടാണ് പോലീസ് കൊണ്ടുപോയത്. പിണറായുടെ പോലീസിന് ഇരട്ട നീതിയാണെന്നും സതീശന് വിമര്‍ശിച്ചു.കോണ്‍ഗ്രസിനെ ഭയപ്പെടുത്താമെന്ന് പിണറായി കരുതേണ്ട. കേസിലെ ഒന്നാം പ്രതിയായ തന്നെ അറസ്റ്റ് ചെയ്യാനും സതീശന് വെല്ലുവിളിച്ചു. രാഹുലിനെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത സര്‍ക്കാരിന് തക്കതായ തിരിച്ചടി ലഭിക്കുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.