സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതി ഉപേക്ഷിക്കുന്നത് സര്‍ക്കാരിന് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആദ്യം അനുകൂലമായിരുന്ന കേന്ദ്രസര്‍ക്കാറിന്റെ നിലപാട് ഇപ്പോള്‍ അങ്ങനെയല്ല. കേന്ദ്രത്തിന്റെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവെച്ചു. വികസനത്തിനെതിരായ പ്രക്ഷോഭത്തിന് സര്‍ക്കാര്‍ വഴങ്ങില്ല. കേസുകള്‍ പിന്‍വലിക്കില്ല. കല്ലുകള്‍ കൊണ്ട് ഒരു ദോഷവും സംഭവിക്കില്ല. കേന്ദ്ര അനുമതി എന്നായാലും കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏത് അനുമതിയുമായി വന്നാലും പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. സില്‍വര്‍ ലൈന്‍ വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ പുറപ്പെടുവിച്ച വിജ്ഞാപനം കാരണം ഭൂവുടമകള്‍ക്ക് വായ്പയെടുക്കാന്‍ കഴിയില്ലെന്ന് ആയിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. ഒരിക്കലും നടക്കാത്ത പദ്ധതിക്ക് വേണ്ടി കോടികള്‍ സര്‍ക്കാര്‍ ചെലവാക്കിയത് എന്തിന് എന്നായിരുന്നു അടിയന്തര പ്രമേയത്തിന് അനുമതി തേടിയ റോജി എം ജോണ്‍ ചോദിച്ചത്.
സില്‍വര്‍ലൈന്‍ എതിരായ സമരം വിജയിച്ചത് നാടിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. ഏത് അനുമതിയുമായി വന്നാലും പദ്ധതി നടപ്പിലാക്കാന്‍ സമ്മതിക്കില്ലെന്നും സതീശന് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.