പൊന്നാനി 〉 രാജ്യത്തിന്റെ സംസ്കാരവും ചരിത്രവും ഏകരൂപമാക്കി, കേന്ദ്രഭരണാധികാരികള്‍ വൈവിധ്യത്തെ ഇല്ലാതാക്കുകയാണെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവ് പറഞ്ഞു. ഫാസിസത്തിന്റെ സ്വാധീനം ശക്തിപ്പെടുകയാണ്. ഇതിനായി സാംസ്കാരിക രൂപങ്ങളെപോലും ഉപയോഗിക്കുകയാണ്. പൊന്നാനിയില്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ആഴത്തിലുള്ള സാംസ്കാരിക ഇടപെടലാണ് കാലത്തിന്റെ ആവശ്യം. ഭരണഘടന ഭേദഗതിചെയ്താണ് രാജ്യത്ത് യുഎപിഎ നടപ്പിലാക്കിയത്. പാര്‍ലമെന്റില്‍ യുഎപിഎ ബില്ലിനെതിരെ എക്കാലത്തും നിലപാട് എടുത്തത് ഇടതുപക്ഷമാണ്. എന്നാല്‍, നിലവിലുള്ള നിയമത്തിനുള്ളില്‍നിന്ന് നിലപാട് എടുക്കാനേ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിയൂ. നുണകള്‍ സാഹിത്യ കൃതികളിലൂടെയും സംഗീതത്തിലൂടെയും സിനിമകളിലൂടെയും പ്രചരിക്കപ്പെടുന്നു. യാഥാര്‍ഥ്യങ്ങളെ ചരിത്രത്തില്‍നിന്ന് അടര്‍ത്തിമാറ്റി, തങ്ങളുടെ താല്പര്യങ്ങളെ സൃഷ്ടിക്കുന്നു. സൃഷ്ടികളില്‍ പുരോഗമന ആശയവും കാലത്തിന്റെ രാഷ്ട്രീയവും പ്രതിഫലിപ്പിക്കാന്‍ കലാകാരന്മാര്ക്ക് കഴിയണമെന്നും പി രാജീവ് പറഞ്ഞു.