ചണ്ഡീഗഢ് : ഹരിയാനയില്‍ വയലിലിറങ്ങി കര്‍ഷകര്‍ക്കൊപ്പം ഞാറ് നട്ട് ട്രാക്ടര്‍ ഓടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
ഹിമാചല്‍ പ്രദേശിലേക്കുള്ള യാത്രയിലായിരുന്നു രാഹുല്‍. വഴിയില്‍ നെല്‍പാടത്ത് കൃഷിയിറക്കുന്ന കര്‍ഷകരെ കണ്ടതോടെ വാഹനം നിര്‍ത്തി കര്‍ഷകര്‍ക്കൊപ്പം ചേരുകയായിരുന്നു. പാന്റ് മടക്കി കൃഷിയിടത്തില്‍ ഇറങ്ങി കര്‍ഷകരോട് സംസാരിക്കുന്ന, അവരുടെ പ്രശ്നങ്ങള്‍ കേട്ട് മനസ്സിലാക്കി അവര്‍ക്കൊപ്പം ഞാറ് നടുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് സാമൂഹിക മാധ്യമ ഹാന്‍ഡിലുകള്‍ പങ്കുവെച്ചു.
2024-ലെ പൊതു തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് രാഹുല്‍ ഇതിന് മുമ്പും ഇത്തരത്തില്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരുന്നു. ലോറി ഡ്രൈവര്‍മാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ലോറിയില്‍ സഞ്ചരിക്കുന്ന, ഡല്‍ഹിയിലെ കരോള്‍ബാഗിലെ മെക്കാനിക് കടയില്‍ ചെന്ന് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേട്ടറിഞ്ഞ്, അവര്‍ക്കൊപ്പം വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ ഒന്നിച്ച് ചേര്‍ന്ന രാഹുലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പാടത്തിറങ്ങി കര്‍ഷകര്‍ക്കൊപ്പമുള്ള കൃഷിയിറക്കലും.