മൂവാറ്റുപുഴ:ചോർന്ന് ഒലിയ്ക്കാത്ത വീട്ടിൽ അമ്മിണിയ്ക്കും കുടുംബത്തിനും ഇനി അന്തിയുറങ്ങാം. ഭർത്താവിന്റെയും മകന്റെയും വേർപാടിനെ തുടർന്ന് ശോച്യാവസ്ഥയിലായ വീട്ടിൽ കഴിഞ്ഞ മേക്കടമ്പ് ഞായപ്പിള്ളിൽ അമ്മിണി കൃഷ്ണൻകുട്ടിയുടെ കുടുംബത്തിന് സി പിഎം മുവാറ്റുപുഴ ഏരിയാ കമ്മിറ്റിയാണ് പുതിയ വീട് നിർമ്മിച്ച് നൽകിയത്.
രണ്ട് മുറികൾ, അടുക്കള, ഹാൾ, ശുചി മുറി എന്നിവയോടു കൂടി 750 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കോൺക്രീറ്റ് ചെയ്ത അടച്ചുറപ്പുള്ള വീട്ടിൽ അമ്മിണിയ്ക്കും മകന്റെ ഭാര്യ അഞ്ജലി ,കൊച്ചുമകൾ മൂന്നാം ക്ലാസ്സുകാരി കൃഷ്ണപ്രീയ യ്ക്കും സുരക്ഷിതമായി താമസിയ്ക്കാം.
രണ്ടര വർഷം മുമ്പ് ഭർത്താവിന്റെ മരണശേഷം മകൻ കിണർ ജോലി ചെയ്യുന്നതിനിടെ വീണ് മരിച്ചതിനെ തുടർന്ന് ബുദ്ധിമുട്ടിലായ കുടുംബത്തിന് സ്വകാര്യ സ്ഥാപനത്തിൽ ജോലിയെടുക്കുന്ന അഞ്ജലിയുടെ തുഛമായ വരുമാനമാണ് ആശ്രയം. ഈ നിർദ്ധന കുടുംബത്തെ സംരക്ഷിയ്ക്കാനാണ് സി പി എം കനിവ് പദ്ധതിയിൽ വീട് നിർമ്മിച്ചത്. വീട് നിർമ്മാണത്തിന് നാട്ടുകാരും സഹകരിച്ചു.സാമ്പത്തിക സഹായത്തിനൊപ്പം പാർട്ടി പ്രവർത്തകർ തങ്ങളുടെ അദ്ധ്വാനവും നൽകിയാണ് വീട് പൂർത്തിയാക്കിയത്. അടുത്ത ദിവസം ഇവർ ഈ വീട്ടിൽ താമസം തുടങ്ങും.
വീടിന്റെ താക്കോൽ സി പി എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ കുടുംബത്തിന് കൈമാറി.ചടങ്ങിൽ സി പി എം ഏരിയാ സെക്രട്ടറി എം.ആർ പ്രഭാകരൻ അധ്യക്ഷനായി. വാളകം ലോക്കൽ സെക്രട്ടറി പി.എ രാജു സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിയ്ക്കൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു ഐസക്ക്, വാളകം പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു, വൈസ് പ്രസിഡന്റ് ബാബു വെളിയത്ത്, ബ്രാഞ്ച് സെക്രട്ടറി സി.യു കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിനു ശേഷം പാർട്ടി പ്രവർത്തകർ പായസ വിതരണവും നടത്തി.