കോട്ടയം: മേഘാലയ മുൻ ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായ എം.എം.ജേക്കബ് അന്തരിച്ചു. 92 വയസായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്കാരം തിങ്കളാഴ്ച രാമപുരത്തെ പള്ളിയിൽ നടത്തും.
രാജ്യസഭാ ഉപാദ്ധ്യക്ഷനായ ആദ്യ മലയാളി കൂടിയായ എം.എം.ജേക്കബ് മൂന്ന് തവണ കേന്ദ്ര സഹമന്ത്രിയായി. 1995 മുതൽ 2007 വരെ മേഘാലയ ഗവർണർ ആയിരുന്നു. 1982ലും 1988ലും രാജ്യസഭാംഗമായി. 1986ലാണ് രാജ്യസഭാ ഉപാദ്ധ്യക്ഷനായത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, തേവര സേക്രഡ് ഹാർട്ട് കോളേജ്, മദ്രാസ് ലയോള കോളേജ്, ലഖ്നൗ സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. നിയമബിരുദവും പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സുമുണ്ട്. അമേരിക്കയിലെ ഷിക്കാഗോ സർകലാശാലയിൽ നിന്ന് പൊതുസേവനത്തിൽ ഡിപ്ലോമയും നേടി.
1952ൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിച്ചു. അക്കാലത്താണ് രാഷ്ട്രീയത്തിൽ ആകൃഷ്ടനാകുന്നത്. വിനോബ ഭാവെ ഭൂദാനപ്രസ്ഥാനം തുടങ്ങിയപ്പോൾ ജേക്കബ് അതിൽ ചേർന്നു. 1954ൽ ഭാരത് സേവക് സമാജിൽ ചേർന്നു. അഴിമതിക്കെതിരായി പ്രവർത്തിക്കുന്ന സദാചാർ സമിതിയുടെ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. 1975 മുതൽ 1981 വരെ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ പ്രസിഡന്റായിരുന്നു. കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ ഡയറക്ടർ, പാലാ റബ്ബർ മാർക്കറ്റിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ, ചിത്രലേഖ ഫിലിം കോഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ, ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചു. 1974 മുതൽ 78 വരെ പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാനായിരുന്നു. ‘ഓയിൽ പാം ഇൻഡ്യ ലിമിറ്റഡിന്റെ ആദ്യ ചെയർമാനും ജേക്കബായിരുന്നു. 1975 മുതൽ 78 വരെ ഹിന്ദുസ്ഥാൻ ലാറ്റെക്സിന്റെ ഗവേണിംഗ് ബോർഡ് അംഗമായിരുന്നു. 1977 മുതൽ 82 വരെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഡയറക്ടറായിരുന്നു. 1991 മുതൽ 94 വരെ ഫരീദാബാദിലെ വൈ.എം.സി. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഞ്ചിനിയറിംഗിൽ ബോഡ് ഒഫ് മാനേജ്മെന്റ് ചെയർമാനായും സേവനമനുഷ്ഠിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചു.1985ലും 1993ലും ഐകര്യരാഷട്ര സഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1993ൽ യൂറോപ്യൻ പാർലമെന്റിലെ മനുഷ്യാവകാശ കോൺഫറൻസിലും ജേക്കബ് പങ്കെടുത്തു.