കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മകന് ഷോണ്‍ ജോര്‍ജിനെ ബിജെപി പിന്തുണയോടെ സ്ഥാനാര്‍ത്ഥിയാക്കാനാണ് പിസി ജോര്‍ജ്ജിന്റെ നീക്കം. ഇതിനെതിരെ പല അഭിപ്രായങ്ങള്‍ സജീവമാണ്. കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെ കേരളത്തില്‍ സജീവമായ പിസി ഇന്ന് ബിജെപി പക്ഷത്താണ്. ഇതിനെതിരെ ഉയരുന്ന വിമര്‍ശനത്തെ പിസി നേരിടുകയാണ്. തന്റെ തനത് ശൈലിയില്‍.
തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കില്‍ ഞാനിപ്പോ വല്ല കേശവന് നായരും ആയിരിന്നിക്കുമെന്ന് പി.സി.ജോര്‍ജ് പറയുന്നു. ബിജെപിയുമായി അകന്ന് നില്‍ക്കേണ്ട കാര്യമില്ലെന്നറിയിച്ചാണ് പൂഞ്ഞാര്‍ എംഎല്‍എയുടെ ഇത്തരമൊരു പ്രതികരണം. ‘നമ്മള് എല്ലാവരും ഹിന്ദുക്കളാണ് തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കില്‍ ഞാനിപ്പോള്‍ വല്ല കേശവന് നായര്‍ ആയിരിക്കും’ എന്നാണ് ബിജെപിയുമായി അടുപ്പത്തെ വിശദീകരിക്കുന്നതിനിടെ പി.സി ജോര്‍ജ് വിശദീകരിച്ചത്. ഇത് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയമാകുകയാണ്. പിസിയില്‍ നിന്ന് വ്യത്യസ്തമായ പല ഡയലോഗും കേട്ടിട്ടുണ്ടെങ്കിലും ഇത് അല്‍പ്പം കൂടിപ്പോയി എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.
പത്തനംതിട്ടയിലും തിരുവനന്തപുരത്തും താമര വിരിയുമെന്നും നരേന്ദ്ര മോദി തന്നെ അടുത്ത പ്രധാനമന്ത്രിയാകുമെന്നുമുള്ള കാര്യത്തിലും പിസി ജോര്‍ജിന് സംശയമില്ല. ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കുള്ള പിന്തുണ പി.സി ജോര്‍ജ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. ഇതിനിടെ കേരള ജനപക്ഷം പിരിച്ചു വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഷോണ്‍ ജോര്‍ജ് ചെയര്‍മാനായിരിക്കുന്ന പാര്‍ട്ടിയില്‍ രക്ഷാധികാരി സ്ഥാനത്ത് മാത്രം തുടരുമെന്നാണ് പി.സി അറിയിച്ചിരിക്കുന്നത്.