ലക്നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലികളിലും യോഗങ്ങളിലും പങ്കെടുക്കും. ഇന്നലെ എസ്പി, ബിഎസ്പി സഖ്യത്തിന്റെ ആദ്യ യോഗം നടന്ന സഹാറന്‍പൂരിലാണ് ഇരുവരും രാവിലെ എത്തുന്നത്.
പ്രിയങ്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇരുവരും ഒരുമിച്ച് ഉത്തര്‍ പ്രദേശില്‍ നടത്തുന്ന ആദ്യ തെരഞ്ഞെടുപ്പ് പര്യടനമാണിത്. ന്യൂനപക്ഷ വോട്ട് നിര്‍ണായകമായ മണ്ഡലത്തില്‍ മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസിന് നല്കി ഭിന്നിപ്പിക്കുന്നത് ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്ന് ഇന്നലെ മായാവതി പറഞ്ഞിരുന്നു. സഹാരന്‍പൂരിലെ പരിപാടിയ്ക്ക് ശേഷം ഇരുവരും ഷാമ്‍ലിയിലെയും ബിജ്നോറിലെയും തെരഞ്ഞെടുപ്പ് റാലികളിലും പങ്കെടുക്കും.
കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള മറ്റൊരു ജനറല്‍ സെക്രട്ടറിയായ ജ്യോതിരാദിത്യ സിന്ധ്യയും രാഹുലിനും പ്രിയങ്കയ്ക്കും ഉണ്ടാകും. പ്രിയങ്ക ഗാന്ധിക്ക് പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിന്റെ സംഘടനാ ചുമതലയാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നടത്തിയതിന് നിയമനടപടി നേരിട്ട ഇമ്രാന് മസൂദാണ് സഹാറന്‍പൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.