തൃശൂർ: ഓപ്പറേഷൻ താമര വന്നാലും തൃശൂരില്‍ ഫലംകാണില്ലെന്ന് ടി.എൻ. പ്രതാപൻ എംപി. പാർട്ടി എന്തുപറഞ്ഞാലും അനുസരിക്കും.പാർട്ടിയാണ് തന്റെ ജീവനെന്ന് പ്രതാപൻ പറഞ്ഞു.
തൃശൂർ മണ്ഡലത്തിലെ ലോക്സഭാ സ്ഥാനാർഥിത്വത്തില്‍നിന്ന് പ്രതാപനെ മാറ്റിനിർത്തിയ സാഹചര്യത്തിലാണ് പ്രതികരണം. നിസാരനായ തന്നെ നേതാവാക്കിയത് കോണ്‍ഗ്രസാണെന്ന് പ്രതാപൻ പറഞ്ഞു.
പ്രതാപന് പകരം തൃശൂരില്‍ സ്ഥാനാർഥിയായെത്തുന്നത് കെ. മുരളീധരനാണ്. മുരളീധരൻ കേരളത്തിലെ ഏറ്റവും മികച്ച നേതാവാണ്. തൃശൂരില്‍ ആര് മത്സരിച്ചാലും കൂടെയുണ്ടാകുമെന്ന് പ്രതാപൻ വ്യക്തമാക്കി.അതേസമയം തൃശൂരില്‍ പ്രതാപനായി എഴുതിയ ചുവരുകള്‍ മായ്ക്കാൻ പാർട്ടി നിർദേശിച്ചതായാണ് വിവരം. 150 ഇടത്താണ് പ്രതാപനായി മണ്ഡലത്തില്‍ ചുവരെഴുതിയിട്ടുള്ളത്. മൂന്നരലക്ഷം പോസ്റ്ററുകളാണ് പ്രതാപന്റെ പ്രചരണത്തിനായി അച്ചടിച്ചിരുന്നത്.