ഇടുക്കി: സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ്. രാജേന്ദ്രന് ബിജെപിയിലേക്ക് ക്ഷണം. ബിജെപി ദേശീയ നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ച നടത്തിയതായി അദ്ദേഹം സമ്മതിച്ചു.
പി.കെ. കൃഷ്ണദാസ് അടക്കമുള്ള സംസ്ഥാന നേതാക്കള്‍ ഫോണില്‍ സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
വിവരം കഴിഞ്ഞ ജനുവരിയില്‍ താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെ എകെജി സെന്ററിലെത്തി അറിയിച്ചിരുന്നു. പാര്‍ട്ടിയില്‍ തുടരണമെന്നാണ് സെക്രട്ടറി ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ സസ്പെന്‍ഷനില്‍ ഇതുവരെ തീരുമാനം ആകാത്തതില്‍ അതൃപ്തിയുണ്ടെന്നും രാജേന്ദ്രന് വ്യക്തമാക്കി.
നേരത്തെ, നിലവിലെ ദേവികുളം എംഎല്‍എ എ.രാജയ്ക്കെതിരേ രാജേന്ദ്രന് പ്രവര്‍ത്തിച്ചു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സിപിഎം അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ തിരിച്ചെടുക്കാനുള്ള നടപടി ഇതുവരെ എടുത്തിട്ടില്ല. പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് മൂലമാണിതെന്നാണ് റിപ്പോര്‍ട്ട്.
പല പാര്‍ട്ടികളും താനുമായി ചര്‍ച്ച നടത്തുന്നുണ്ട്. നിലവില്‍ സിപിഎം വിടുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ നീതി ലഭ്യമാക്കാത്തയാളിനെ വീണ്ടും വീണ്ടും ശിക്ഷിക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് രാജേന്ദ്രന് പറഞ്ഞു.
1984 മുതല്‍ കാടും മലയും കടന്ന് പാര്‍ട്ടിയ്ക്കായി ആളെ കൂട്ടിയ തന്നെ “മൈക്കില്‍ കൂടി മാത്രം പ്രസംഗിച്ച് നടന്ന ആള്’ തോല്പിക്കാന് ശ്രമിക്കുമ്ബോള്‍ വേദനയുണ്ട്. പാര്‍ട്ടിക്ക് മുമ്ബില്‍ ആയിരംവട്ടം തോല്‍ക്കാം പക്ഷേ ഒരു വ്യക്തിയുടെ മുമ്ബില്‍ തോല്ക്കാന് മനസുണ്ടാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.