ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 30,000 കോടി കൊള്ളയടിച്ചതായി തെളിഞ്ഞെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമാന്തരമായി ഇടപെട്ടെന്ന് പ്രതിരോധമന്ത്രാലയം പറയുന്നു.
കള്ളനും കാവല്‍ക്കാരനുമാണോ മോദി? ദ്വന്ദവ്യക്തിമുണ്ടോയെന്നും രാഹുല്‍ ചോദിക്കുന്നു. മനോഹര്‍ പരീക്കറെ ഞാന്‍ കണ്ടിരുന്നു. എന്നാല്‍ റഫാല്‍ ചര്‍ച്ചയായില്ല. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുക മാത്രമായിരുന്നു സന്ദന്ശനത്തിന്റെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.
കൊള്ളയടിച്ച മുതല്‍ അദ്ദേഹം അനില്‍ അംബാനിക്കു കൈമാറി. കഴിഞ്ഞ ഒരു വര്‍ഷമായി ഇക്കാര്യം ഞങ്ങള്‍ പറയുന്നു. ഇപ്പോള്‍ മോദി സമാന്തരമായി ഇടപെട്ടെന്ന് പ്രതിരോധമന്ത്രാലയം നല്കിയ റിപ്പോര്‍ട്ടുതന്നെ പുറത്തുവന്നിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
രാജ്യത്തെ യുവജനങ്ങളും സൈനികരും ഇതു ശ്രദ്ധിക്കണം. നിങ്ങളുടെ ഭാവിയുടെ കാര്യമാണിത്. നിര്‍മല സീതാരാമനും മോദിയും കള്ളം പറഞ്ഞു. ഫ്രഞ്ച് മുന്‍ പ്രസിഡന്റ് തന്നെ പറഞ്ഞിരുന്നു അനില്‍ അംബാനിയുടെ കമ്പനിക്ക് കരാര്‍ നല്‍കിയത് മോദി പറഞ്ഞിട്ടാണെന്ന് . സുപ്രീംകോടതിയോടും സര്‍ക്കാര്‍ കള്ളം പറഞ്ഞുവെന്നും രാഹുല്‍ ആരോപിക്കുന്നു.