തിരുവനന്തപുരം: വേനല്‍കാലത്ത് സംസ്ഥാനത്ത് പവര്‍കട്ട് ഒഴിവാക്കാനുള്ള എല്ലാ നടപടികളും തുടങ്ങിയതായി വൈദ്യുതി മന്ത്രി എം.എം മണി നിയമ സഭയില്‍ അറിയിച്ചു. കേന്ദ്ര നിലയങ്ങളില്‍ നിന്ന് യൂണിറ്റിന് 4.03 രൂപയും സ്വകാര്യ ഉത്പാദകരില്‍ നിന്ന് യൂണിറ്റിന് 4.36 രൂപയ്ക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വൈദ്യുതി എത്തിക്കും. സംസ്ഥാനത്ത് നിലവില്‍ 380 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് വന്നിട്ടുണ്ട്. കേന്ദ്ര പൂളില്‍ നിന്ന് ലഭിക്കേണ്ട വൈദ്യുതി പൂര്‍ണമായും ലഭിക്കുന്നില്ലെന്നും എം എം മണി വ്യക്തമാക്കി. അതേസമയം സര്‍ചാര്‍ജുമായി ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി നല്‍കുകയാണ് വൈദ്യുതി ബോര്‍ഡ്. ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 15 പൈസ അധിക നിരക്ക് കെ.എസ്.ഇ.ബി. ഈടാക്കിത്തുടങ്ങി. പുതിയ ബില്ലില്‍ സര്‍ചാര്‍ജ് നിരക്ക് കൂടി വന്നതോടെയാണ് ഉപഭോക്താക്കള്‍ അറിയുന്നത്. കെ.എസ്.ഇ.ബി. ഓഫീസിലുള്ളവര്‍ ഇതിന് മറുപടി കൊടുക്കേണ്ട സ്ഥിതിയിലാണ്.