ഭോപാല്‍: മധ്യപ്രദേശിലെ ഭോപാലില്‍ നടന്ന പ്രചാരണയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മിമിക്രി. നരേന്ദ്രമോദിയുടെ പ്രസംഗശൈലി അനുകരിച്ചുതന്നെ അദ്ദേഹത്തെ പരിഹസിച്ച രാഹുലിന് സദസില്‍ നിന്ന് നിറഞ്ഞ കരഘോഷം കിട്ടി.
‘മേം ചപ്പന്‍ ഇഞ്ച് കി ചാട്ടി വാലാ, ചൗക്കിദാര്‍, ഭ്രഷ്ടാചാര്‍ കോ മിതാവൂംഗാ…’ പ്രസംഗപീഠത്തില്‍ മോദിയുടെ ഹാസ്യാനുകരണം നടത്തി രാഹുല്‍ കത്തിക്കയറി. പ്രധാനമന്ത്രിയെ അനുസ്മരിപ്പിക്കുന്ന അംഗവിക്ഷേപങ്ങള്‍ കാട്ടി മോദിയുടെ പ്രസംഗശൈലി അനുകരിച്ചായിരുന്നു രാഹുലിന്റെ പ്രകടനം.
നരേന്ദ്രമോദിയുടെ പഴയ പ്രസംഗശൈലി അനുകരിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു, അഞ്ച് വര്‍ഷം മുമ്പ് മോദിയുടെ പ്രസംഗം ഇങ്ങനെയായിരുന്നു. ‘അമ്പത്താറിഞ്ച് നെഞ്ചളവുള്ള ഞാന്‍ അഴിമതി ഇല്ലാതാക്കും..’ കരഘോഷത്തിനിടെ അല്‍പ്പം നിര്‍ത്തിയ ശേഷം മോദിയുടെ ശരീരഭാഷയിലെ മാറ്റം അനുകരിച്ച് രാഹുല്‍ തുടര്‍ന്നു. പക്ഷേ ഇപ്പോള്‍ മോദിയുടെ പ്രസംഗം ഇങ്ങനെയാണ്. ‘കോണ്‍ഗ്രസിനെ പുറത്താക്കൂ..’ പക്ഷേ കോണ്‍ഗ്രസിനെ എങ്ങനെ പുറത്താക്കാനാകുമെന്ന് രാഹുല്‍ ചോദിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഘഡിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഉണ്ടാക്കിയെന്നും ദില്ലിയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോകുന്നുവെന്നും രാഹുല്‍ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
‘ബജറ്റ് പ്രസംഗത്തിനിടെ പെട്ടെന്ന് ബിജെപി എംപിമാര്‍ മേശപ്പുറത്ത് തുടര്‍ച്ചയായി അടിക്കുന്നത് ഞാന്‍ കേട്ടു. അഞ്ചു മിനുട്ടോളം ആ കരഘോഷം തുടര്‍ന്നു. പിന്നെയാണ് എനിക്ക് മനസ്സിലായത് ഒരു ദിവസത്തെ ജോലിയുടെ കൂലിയായി നരേന്ദ്രമോദി കര്‍ഷകര്‍ക്ക് പതിനേഴ് രൂപ കൊടുക്കാന്‍ തീരുമാനിച്ചു എന്ന്.. പതിനേഴ് രൂപ!’ ഇങ്ങനെ പോയി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.
#WATCH Bhopal, Madhya Pradesh: Congress President Rahul Gandhi mimics PM Narendra Modi. pic.twitter.com/hRXStKreRx
— ANI (@ANI) February 8, 2019