കലോത്സവ ഗാനത്തിലെ ദൃശ്യാവിഷ്കാര വിവാദത്തില്‍ അന്വേഷണം വേണമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പിന്നണിയില്‍ പ്രവര്‍ത്തിച്ചവരുടെ സംഘപരിവാര്‍ ബന്ധം പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കലോത്സവ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പ്പര്യം പരിശോധിക്കണം. ബോധപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സംഗീത ശില്‍പ്പത്തില്‍ മുസ്ലിം വിരുദ്ധതയുണ്ടെന്ന് ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. സാഹോദര്യവും മതമൈത്രിയും ദേശസ്നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്ക്കാരത്തില്‍ മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതിനെതിരെ ലീഗ് നേരത്തെ രംഗത്ത് വന്നിരുന്നു.