തിരുവനന്തപുരം: എഐ ക്യാമറ അഴിമതി ആരോപണം ശുദ്ധ അസംബന്ധമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ക്യാമറ പദ്ധതിയിൽ നയാപൈസയുടെ അഴിമതി നടന്നിട്ടില്ല. ക്യാമറ വിവാദം ഉയർത്തിക്കൊണ്ട് പദ്ധതിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നത്. ഇന്നലെ വരെ പറയാത്ത കാര്യങ്ങൾ പറഞ്ഞ് പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
എ ഐ ക്യാമറയിൽ കേരള സർക്കാരിന്റെ ഖജനാവിൽ നിന്ന് ഒരു പണവും ചിലവാക്കിയിട്ടില്ല. പിന്നെ എവിടെയാണ് അഴിമതി നടന്നത്. ഈ നിമിഷം വരെ ഒരു നയാപൈസയും ചിലവാക്കിയിട്ടില്ല. കെൽട്രോൺ ആണ് പണം മുടക്കിയത്. പ്രതിപക്ഷ നേതാവ് 100 കോടിയുടെ അഴിമതിയെക്കുറിച്ച് പറയുന്നു. അതേസമയം മുൻ പ്രതിപക്ഷ നേതാവ് 132 കോടിയുടെ അഴിമതിയാണെന്ന് പറയുന്നു. ആദ്യം പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും തമ്മിൽ ധാരണയാകട്ടെ. പ്രതിപക്ഷം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങൾ പറയുന്നു. കിട്ടുന്ന എന്തെങ്കിലും കടലാസ് എടുത്ത് പുറപ്പെടുകയാണ്. ഒന്നിനും അടിസ്ഥാനം ഇല്ലാത്തത് കൊണ്ട് എന്തും പറയാം. പ്രതിപക്ഷ നേതൃത്വത്തിനിടയിൽ വടംവലിയാണെന്നും അദ്ദേഹം ആരോപിച്ചു.
ഗോവിന്ദൻ മാഷ് പറയുന്നത്
ക്യാമറ പദ്ധതി സർക്കാരിന് തോന്നിയത് പോലെ നടപ്പിലാക്കിയതല്ല. മോട്ടോർ വാഹന വകുപ്പ് കെൽട്രോണുമായി ചർച്ച നടത്തി. കെൽട്രോണാണ് ഡിപിആർ തയ്യാറാക്കിയത്. മന്ത്രിസഭാ തീരുമാന പ്രകാരം ഭരണാനുമതി നൽകി തീരുമാനമായി. ഭരണാനുമതി നൽകിയത് 232.25 കോടിക്കാണ്. 142 കോടി സ്ഥാപനതുകയും 56.24 കോടി അഞ്ച് വർഷത്തെ മെയിന്റനൻസ് തുകയും 35.76 കോടി ജി എസ് ടിയുമാണ്. ഇത് മൂന്നും കൂട്ടിയാണ് 232 കോടി. സംവിധാനം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നു എന്നത് നോക്കേണ്ടത് കെൽട്രോൺ ആണെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.എ ഐ ക്യാമറ വച്ച ആദ്യ ദിവസം 4.5 ലക്ഷം നിയമലംഘനങ്ങൾ ആണ് കണ്ടെത്തിയത്. വീഡിയോ ശേഖരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ല. നിയമലംഘനങ്ങളുടെ ചിത്രവും ഡാറ്റയും മാത്രമാണ് കൈമാറുന്നത്. ഇത് മോട്ടോർ വാഹന വകുപ്പിന്റെ കസ്റ്റഡിയിലാണ് സൂക്ഷിക്കുക. 20 ഗഡുക്കളായി അഞ്ചുകൊല്ലം കൊണ്ട് കെൽട്രോണിന് ഈ തുക ലഭിക്കുകയാണ് ചെയ്യുക.മന്ത്രിസഭ ആകെ അഴിമതിക്ക് കൂട്ട് നിൽക്കുന്നു എന്ന് ചെന്നിത്തല പറയുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് വി ഡി സതീശൻ പറയുന്നു. ഇവർ തമ്മിലുള്ള തർക്കപ്രശ്നമാണ് കാണിക്കുന്നത്. അനാവശ്യ വിവാദം ഉണ്ടാക്കി കെൽട്രോണിനെ തകർക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. ക്യാമറ സ്ഥാപിക്കുന്നതിനും, കണ്ട്രോൾ റൂം തുറക്കുന്നതിനും, മറ്റ് പ്രവർത്തനങ്ങൾക്കും ആണ് ആകെ തുക ക്യാമറ ഒന്നിന് ഒൻപത് ലക്ഷം എന്ന് പറയുന്നു അത് പൂർണ സിസ്റ്റത്തിന്റെ വിലയാണ്. 100 ക്യാമറക്ക് 40 കോടി രൂപയാണ് ഉമ്മൻചാണ്ടി സർക്കാർ കാലത്ത് കൊണ്ടുവന്നത്. യുഡിഎഫ് കാലത്തും ഉപകരാറുകൾ നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ പരാതി ലഭിച്ചപ്പോൾ തന്നെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വകുപ്പ് തല അന്വേഷണം നടത്തുന്നുണ്ട്.
ക്യാമറ സ്ഥാപിക്കാൻ അശോകയെ തെരഞ്ഞെടുത്തു എന്ന ആരോപണത്തിൽ അങ്ങനൊരു കമ്പനിക്ക് നൽകിയിട്ടേയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ക്യാമറ ഒന്നിന് 75000 എന്നാണ് ആരോപണം. ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രം പറയുന്ന കാര്യങ്ങൾ ആണിത്. ക്യാബിനെറ്റിൽ കരാർ കൊടുത്തതും ഉപകരാർ കൊടുത്തതും വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വായക്ക് തോന്നിയ പോലെ കോതക്ക് പാട്ട് എന്ന രീതിയിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമേതിരെ പറയുകയാണ്. തോന്നിയത് തോന്നിയത് പോലെ പറയുകയാണ്. പ്രസാദിയോയുമായി യാതൊരു ബന്ധവുമില്ല. ആകെ ഉള്ളത് കെൽട്രോണുമായി മാത്രമാണ്. ഉപകരാർ ഉണ്ടാക്കിയത് കെൽട്രോൺ ആണ്. അവരാണ് അതിനു മറുപടി പറയേണ്ടത്. തോന്നിയതുപോലെ ആരോപണമുന്നയിച്ചാൽ മറുപടി പറയേണ്ട ആവശ്യമില്ല. മുഖ്യമന്ത്രി മറുപടി പറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു