തിരുവനന്തപുരം: കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ അലയൻസ് എയറിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിൻവലിക്കണമെന്ന് സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം എം പി ആവശ്യപ്പെട്ടു.
അലയൻസ് എയറിൽ ഒരു പതിറ്റാണ്ടിലേറെ ജോലി ചെയ്തവരെയാണ് കരാർ സ്ഥാപനമായ എം കെ എന്റർപ്രൈസസ് പിരിച്ചുവിട്ടിരിക്കുന്നത്. കോവിഡ് 19ന്റെ അനിതരസാധാരണമായ പ്രതിസന്ധിക്കിടയിലും കരാറുകാർ ജീവനക്കാരെ നിഷ്കരുണം പിരിച്ചുവിട്ട നടപടി സർക്കാർ നിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് അലയൻസ് എയർ എംപ്ലോയീസ് യൂണിയൻ (എഐടിയുസി) പ്രസിഡന്റ് കൂടിയായ അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലവകാശങ്ങൾക്കുവേണ്ടിയുള്ള സമരങ്ങളെ അനുസ്മരിക്കുന്ന ലോകതൊഴിലാളി ദിനമായ മെയ്ദിനത്തിലാണ് നിന്ദ്യമായ ഈ നടപടിയുണ്ടായതെന്നത് വിരോധാഭാസവും ക്രൂരതയുമാണ്. സ്വകാര്യ സംരംഭകരും സ്ഥാപനങ്ങളും തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സർക്കാർ അനുബന്ധ സംരംഭമായ അലയൻസ് എയറിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിൻവലിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അയച്ച കത്തിൽ ബിനോയ് വിശ്വം ആവശ്യപ്പെട്ടു.