പിണറായി വിജയൻ സർക്കാരിനെതിരായ വികാരം ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി പ്രതിഫലിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. ഉടുമ്പൻചോല മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും നിറഞ്ഞ സർക്കാരാണ് കേരളം ഭരിക്കുന്നത്. പിൻവാതിൽ നിയമനങ്ങൾ നടത്തി നാട്ടിലെ യുവാക്കളെ സർക്കാർ വഞ്ചിച്ചു. അർഹതപ്പെട്ട ജോലിക്ക് വേണ്ടി യുവാക്കൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യേണ്ട ഗതികേടിലാണെന്ന് ഡീൻ പറഞ്ഞു.
ഉടുമ്പൻചോല മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ഡീൻ കുര്യാക്കോസ് എടുത്തുപറഞ്ഞു. നെടുങ്കണ്ടം മുതൽ റിവർ വാലി വരെയുള്ള റോഡ് നിർമ്മാണം അവസാന ഘട്ടത്തിൽ എത്തി. മുണ്ടിയെരുമ കുരിശുമല റോഡ്, പ്രകാശ്ഗ്രാം കട്ടക്കാനം റോഡ്, പള്ളിക്കുന്ന് ചേരിയാർ റോഡ് എന്നിവയാണ് മണ്ഡലത്തിൽ അനുവദിച്ച മറ്റു റോഡ് പദ്ധതികൾ.
കൂടാതെ നെടുങ്കണ്ടത്ത് സത്ഭാവന സൃമൃതി മണ്ഡപ നിർമ്മാണം, രാജാക്കാട് പൊതുജന ആരോഗ്യ കേന്ദ്രത്തിൽ വനിത വാർഡ് നിർമ്മാണം, രാജകുമാരിയിൽ 30 ബെഡ് ഉള്ള ആശുപത്രി, ജലജീവൻ മിഷനിൽ ഉൾപ്പെടുത്തി 719.86 കോടി രൂപയുടെ പദ്ധതികൾ എന്നിവ നടപ്പിലാക്കി വരുന്നു. കൂടാതെ എംപി ഫണ്ടിൽ നിന്നും വിവിധ പദ്ധതികൾക്കായി 2.77 കോടി രൂപയും ഉടുമ്പൻചോല മണ്ഡലത്തിൽ അനുവദിച്ചതായും ഡീൻ കുര്യാക്കോസ് പറഞ്ഞു.