കൊരട്ടി പഞ്ചായത്തില്‍ കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക്. മണ്ഡലം ഭാരവാഹികളടക്കം നൂറോളം പേര് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതോടെ കൊരട്ടിയില്‍ കോണ്‍ഗ്രസ് ദുര്‍ബലമായി. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുമാണ് രാജി കാരണമായി പറയുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളും സാധാരണ ജനങ്ങള്‍ക്കനുകൂലമായ സമീപനങ്ങളും ഇടതുപക്ഷത്തോടൊപ്പം ചേരുന്നതിന് പ്രേരണയായെന്നും കോണ്‍ഗ്രസ് വിട്ടവര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ അംഗത്വമെടുത്തു.
അതേസമയം ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന നേതാക്കളാണ് കോണ്‍ഗ്രസ് വിട്ടതില്‍ ഭൂരിപക്ഷവും. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഡെന്നീസ് കെ ആന്റണിയാണ് പ്രമുഖരില്‍ ഒരാള്‍. യൂത്ത് കോണ്‍ഗ്രസ് ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ ജന. സെക്രട്ടറി, ഐഎന്‍ടിയുസി ചാലക്കുടി മണ്ഡലം പ്രസിഡന്റ്, വഴിയോര തൊഴിലാളി ഫെഡറേഷന് (ഐഎന്‍ടിയുസി) സംസ്ഥാന കണ്‍വീനര്‍, കൊരട്ടി പഞ്ചായത്തംഗം, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച നേതാവാണ് ഡെന്നീസ് കെ ആന്റണി.
കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എലിഞ്ഞിപ്ര ബ്ലോക്ക് ഡിവിഷനില്‍ ഡെന്നീസിന് കോണ്‍ഗ്രസ് ആദ്യം സീറ്റും ചിഹ്നവും നല്‍കിയിരുന്നു. എന്നാല്‍, ഗ്രൂപ്പ് പോരിനെത്തുടര്‍ന്ന് ഡെന്നീസിനെ പിന്‍വലിച്ച് മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തി. കോണ്‍ഗ്രസ് കൊരട്ടി മണ്ഡലം പ്രസിഡന്റ് ഡേവിസ് മൂലനാണ് കേരള കോണ്‍ഗ്രസിലേക്ക് ചേക്കേറിയ മറ്റൊരു നേതാവ്. ആഴ്ചകള്‍ക്കു മുമ്പാണ് ഡേവിസ് മൂലന് മണ്ഡലം പ്രസിഡന്റ്സ്ഥാനം രാജിവച്ചത്. ഗ്രൂപ്പ് പോരുമായി പോകാനാകാത്തതിനാലാണ് കേരള കോണ്‍ഗ്രസിലേക്ക് മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരിയാരം മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി സാജു തോമസ്, കൊരട്ടി മണ്ഡലം വൈസ് പ്രസിഡന്റ് ബി ടി രാജു, മണ്ഡലം എക്സി. അംഗം ബേബി കല്ലൂക്കാരന് തുടങ്ങിയവരും രാജിവച്ചവരില്‍പ്പെടും.