പനിയും ശ്വാസതടസവും മൂലം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. ശ്വാസകോശസംബന്ധമായ ഇന്‍ഫെക്ഷനാണ് അദ്ദേഹത്തിനുളളത്. ആന്റിബയോട്ടിക്ക് സ്റ്റാര്‍ട്ട് ചെയ്തതായും ശ്വാസംമുട്ട് കുറഞ്ഞതായും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. കുടുംബാംഗങ്ങളേയും മറ്റു ബന്ധുക്കളേയും നേരിട്ട് കണ്ടു സംസാരിച്ചെന്ന് പറഞ്ഞ മന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ സ്ഥിതി സൂഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ നേരിട്ടെത്തി ഉമ്മന്‍ ചാണ്ടിയുടെ ബന്ധുക്കളുമായും ഡോക്ടര്‍മാരുമായും സംസാരിച്ചതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. രാത്രി മുഖ്യമന്ത്രി ബന്ധുക്കളെ ഫോണില്‍ വിളിച്ചിരുന്നു.
ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉമ്മന്‍ചാണ്ടിക്ക് ആന്റിബയോട്ടിക് ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നത്. അണുബാധ മാറിയശേഷമായിരിക്കും തുടര്‍ചികിത്സ. ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനോട് ഫോണില്‍ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.