മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് ആവേശ ഉജ്ജ്വല സ്വീകരണം. ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ചാണ് അന്‍വറിനെ അണികള്‍ യോഗവേദിയിലേക്ക് സ്വീകരിച്ചത്. മുസ്ലിം ലീഗ് എറണാകുളം മുന്‍ ജില്ലാ പ്രസിഡന്റ് പറക്കാട്ട് ഹംസ, വഴിക്കടവ് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഇ എ സുകു എന്നിവര്‍ പിവി അന്‍വറിനൊപ്പം വേദിയിലുണ്ട്.
പലയിടത്തും തന്റെ പരിപാടിയിലേക്ക് വരുന്നവരെ പൊലീസ് തടഞ്ഞെന്ന് പിവി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ട്രാഫിക് നിയന്ത്രണത്തിന്റെ പേരില്‍ വലിയ തോതില്‍ വാഹനം തടഞ്ഞിട്ടിരിക്കുകയാണ്. ഇങ്ങനെയൊക്കെ തോല്‍പ്പിക്കാനാണ് ശ്രമമെങ്കില്‍ ആയിക്കോട്ടെ. സംസ്ഥാന ഡിഎംകെ നേതാക്കളുടെ വീട്ടില്‍ പൊലീസ് എത്തിയിട്ടുണ്ട്. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധമുണ്ടോയെന്ന് ചോദിച്ചാണ് പൊലീസ് എത്തുന്നത്. ഇതൈാക്കെ ആളുകള്‍ അറിയണം എന്നായിരുന്നു അന്‍വര്‍ പ്രതികരിച്ചത്.
ഡിഎംകെ സഖ്യം സംബന്ധിച്ച ചോദ്യം മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘അത് അപ്പുറം പാക്കലാം അയ്യാ. ഒരു പ്രച്ചനയും ഇരിക്കില്ല. എല്ലാം ശരിതാനെ. മുന്നാടിയാ കോണ്‍ഫിഡന്‍സ് ഇരിക്കെ, ഇപ്പോഴും, നാളേക്കും കോണ്‍ഫിഡന്‍സ് ഇരിക്ക്’ എന്നായിരുന്നു മറുപടി. മുഴുവനായി തമിഴിലേക്ക് മാറിയോ എന്ന ചോദ്യത്തോട് തമിഴ് മട്ടും താ ഇനി പേസും എന്നും പ്രതികരിച്ചു. തമിഴ് ബന്ധം ഉറപ്പിച്ചോ എന്ന ചോദ്യത്തോട് എപ്പോഴെ ഉറപ്പിച്ചു എന്നും പിവി അന്‍വര്‍ പ്രതികരിച്ചു.