കൊച്ചി: എ ഐ ക്യാമറ ഇടപാടില്‍ നടന്നത് 100 കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. 47 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വര്‍ക്കാണ് 57 കോടിക്കാണ് ട്രോയിസ് പ്രൊപ്പോസല്‍ വെച്ചത്. ഒടുവില്‍ 151 കോടിയുടെ കരാറില്‍ എത്തി. അത്തരത്തില്‍ 100 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്ന് വി ഡി സതീശന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
വി ഡി സതീശന്. പറഞ്ഞത്
ക്യാമറയും അനുബന്ധ ഉപകരണങ്ങളും വാങ്ങിയതും മെയിന്റനന്‍സും അടക്കമുള്ള പ്രൊപ്പോസല്‍ ലഭിച്ചതും ട്രോയിസ് ഇന്‍ഫോ ടെക് കമ്പനിക്കാണ്. പ്രസാഡിയോയുടെ നിര്‍ബന്ധ പ്രകാരമാണ് ട്രോയിസിന് പ്രൊപ്പോസല്‍ ലഭിച്ചത്. പ്രസാഡിയോ ഉടമയും ട്രോയിസ് ഡയറക്ടറുമാണ് മുഴുവന്‍ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കിയിരിക്കുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ട്രോയിസ് പ്രാപ്പോസല്‍ വെച്ചത്. സുതാര്യമല്ലാതെയാണ് ക്യാമറകളുടെ വില നിശ്ചയിച്ചിട്ടുള്ളത്. എസ്ആര്‍ഐടിക്ക് 6 ശതമാനം കമ്മീഷന് ലഭിച്ചുവെന്നതല്ലാതെ വേറെ പണിയൊന്നുമില്ല. ബാക്കി തുക ഇവര്‍ വീതം വെച്ചെടുത്തുവെന്നും വി ഡി സതീശന് ആരോപിച്ചു.
നടന്നത് വിചിത്രമായ വെട്ടിപ്പാണ്. മുഖ്യമന്ത്രിയുടെ ബന്ധു കണ്‍സോര്‍ഷ്യം ചര്‍ച്ചയില്‍ പങ്കെടുത്തതിന്റെ തെളിവ് മന്ത്രി രാജീവ് ചോദിച്ചിരുന്നു. ഉപകരാറിനായി രൂപീകരിച്ച ആദ്യത്തെ കണ്‍സോഷ്യം യോഗത്തില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവ് പ്രകാശ് ബാബു പങ്കെടുത്തിരുന്നോയെന്ന ചോദ്യം പ്രസാഡിയോ കമ്പനിയുടെ ഉടമയായ സുരേന്ദ്രകുമാര്‍ നെല്ലിക്കോമത്ത് നിഷേധിച്ചിട്ടില്ല. പ്രകാശ് ബാബു കണ്‍സോഷ്യത്തില്‍ പങ്കെടുത്തിട്ടുണ്ട്. കൂടുതല്‍ സംസാരിച്ചത് അദ്ദേഹമാണ്. ഡ്രീം പ്രൊജക്ടാണെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞിരുന്നു. അന്വേഷണം നടന്നാല്‍ തെളിവ് ഹാജരാക്കാന്‍ തയ്യാറാണെന്നും വി ഡി സതീശന് പറഞ്ഞു. സര്‍ക്കാരിനെ 100 കോടിക്ക് പറ്റിച്ചതിന് പുറമേ ഹൈദരാബാദ് കമ്പനിയെ 25 കോടി രൂപയ്ക്ക് പറ്റിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.